റെയിൽവേയുടെ ആഢംബര ഹോട്ടൽ | Photo: twitter.com|WesternRly
മനംമയക്കുന്ന ആഡംബര ഹോട്ടല്‍ മാത്രമല്ല ആകെ മൊത്തതില്‍ ഒന്ന് ഒരുങ്ങി സുന്ദരിയായിരിക്കുകയാണ് ഗാന്ധിനഗര്‍ സ്റ്റേഷന്. 2017-ലാണ് സ്റ്റേഷന്റെ നവീകരണ പ്രവര്‍ത്തനവും ഹോട്ടലിന്റെ നിര്‍മ്മാണവും ആരംഭിക്കുന്നത്. ഇന്ത്യയിലെ മറ്റൊരു റെയില്‍വേ സ്റ്റേഷനുമില്ലാത്ത തരത്തില്‍ സ്റ്റേഷന്റെ മുകളിലായിട്ടാണ് ഹോട്ടലിന്റെ സ്ഥാനം. റെയില്‍വേയുടെ ആഡംബരത്തിന്റെ മുഖമുദ്ര എന്ന് വിശേഷിപ്പിക്കാവുന്ന ഹോട്ടലില്‍ 318 മുറികളാണ് ഉള്ളത്. ഏകദേശം 790 കോടിയാണ് മുതൽ മുടക്ക്.
സാധാരണ സ്റ്റേഷനുകളില്‍ റെയില്‍വേയുടെ വിശ്രമ കേന്ദ്രങ്ങളാണ് ഉണ്ടാവുക. എന്നാല്‍ സൗകര്യ കുറവുകള്‍ മൂലം പലരും അത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കുക പതിവില്ല. കോവിഡ് മൂലം നഷ്ടത്തിലായ റെയില്‍വേയ്ക്ക് വരുമാനത്തിന് പുതിയ മാര്‍ഗം കൂടിയാവുകയാണ് ഈ ഹോട്ടല്‍. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ഹോട്ടലിന്റെ സമീപത്തുള്ള മഹാത്മ മന്ദിറില്‍ സെമിനാറുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കുമായി എത്തുന്നവര്‍ക്ക് നല്ലൊരു താമസസ്ഥലം കൂടിയായി ഹോട്ടല്‍ മാറും.
പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വലായി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. ചടങ്ങില്‍ ഗാന്ധിനഗര്‍-വാരണാസി സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെയും ഗാന്ധിനഗര്‍-വരേത മെമു ട്രെയിനിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ശേഷം അഹമ്മദാബാദിലെ സയന്‍സ് സിറ്റിയിലെ അക്വാറ്റിക് ഗാലറി, റോബോട്ടിക് ഗാലറി നാച്വറല്‍ പാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും.
264 കോടിയില്‍ ഒരുങ്ങുന്ന അക്വാറ്റിക് ഗാലറി രാജ്യത്തെ ഏറ്റവും വലിയ അക്വേറിയങ്ങളില്‍ ഒന്നാണ്. 68 വലിയ ടാങ്കുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. 188 വര്‍ഗങ്ങളില്‍പ്പെട്ട 11,600 മീനുകള്‍ ഇവിടെ ഉണ്ടാകും. ടാങ്കുകള്‍ക്ക് അടിയിലൂടെയുള്ള 28 മീറ്റര്‍ നടപ്പാതയും 5-ഡി തിയേറ്ററും സജ്ജീകരിച്ചിട്ടുണ്ട്. 127 കോടിയില്‍ ഒരുങ്ങുന്ന റോബോട്ടിക് ഗാലറിയില്‍ 200 ഓളം റോബോട്ടുകളുണ്ടാകും. 14 കോടിയില്‍ ഒരുങ്ങുന്ന നാച്വറല്‍ പാര്‍ക്ക് 20 ഏക്കറോളം വിസ്തീര്‍ണമുള്ളതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..