ഒഡീഷയിൽ തീവണ്ടികൾ അപകടത്തിൽപ്പെട്ട സ്ഥലം | PTI
ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ വെള്ളിയാഴ്ച ഉണ്ടായ തീവണ്ടി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 260-ലധികം പേര്‍ക്ക്. മൂന്ന് തീവണ്ടികളാണ് ഒരേസ്ഥലത്തുവച്ച് അപകടത്തില്‍പ്പെട്ടത്. രണ്ട് എക്‌സ്പ്രസ് തീവണ്ടികളും ഒരു ചരക്ക് തീവണ്ടിയും അപകടത്തില്‍പ്പെട്ടതോടെയാണ് ഇത്രയധികം പേര്‍ക്ക് ജീവന്‍ നഷ്ടമായത്. എന്നാല്‍ ഇതിലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ച വന്‍ തീവണ്ടി ദുരന്തത്തിന് ഇതിനുമുമ്പും രാജ്യം സാക്ഷ്യംവഹിച്ചിട്ടുണ്ട്. 1981-ലാണ് രാജ്യത്ത് ഇതുവരെ ഉണ്ടായതില്‍വച്ച് ഏറ്റവും വലിയ തീവണ്ടി ദുരന്തം ബിഹാറില്‍ ഉണ്ടാകുന്നത്. ചുഴലിക്കാറ്റിനിടെ പാസഞ്ചര്‍ തീവണ്ടി പാളംതെറ്റി ഭാഗ്മതി നദിയിലേക്ക് മറിഞ്ഞ് 800 ഓളംപേരാണ് അന്ന് മരിച്ചത്.
ലോകത്തെതതന്നെ രണ്ടാമത്തെ ഏറ്റവുംവലിയ തീവണ്ടി ദുരന്തമാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. ബിഹാറിലെ ബാലഘട്ടിലായിരുന്നു അപകടം. യാത്രക്കാര്‍ തിങ്ങിനിറഞ്ഞ പാസഞ്ചര്‍ തീവണ്ടിയാണ് നദിയിലേക്ക് വീണത്. മാന്‍സിയില്‍നിന്ന് സഹര്‍സയിലേക്കുപോയ പാസഞ്ചര്‍ തീവണ്ടിയില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍പോയ നാല് വന്‍സംഘങ്ങള്‍ അടക്കം ഉണ്ടായിരുന്നു. അതിനാല്‍ മരണസംഖ്യ കൃത്യമായി നിര്‍ണയിക്കാനായില്ല. 800 മുതല്‍ 2000 പേര്‍വരെ മരണപ്പെട്ടുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 1981 ജൂണ്‍ ആറിനായിരുന്നു സംഭവം. ദിവസങ്ങള്‍നീണ്ട രക്ഷാദൗത്യത്തിലൂടെയാണ് നദിയില്‍വീണ ബോഗികള്‍ ഓരോന്നായി ഉയര്‍ത്തിയെടുത്തത്.
ഒന്‍പത് ബോഗികളില്‍ ഓരോന്നിലും നിരവധി മൃതദേഹങ്ങള്‍ ഉണ്ടായിരുന്നു. മണ്‍സൂണ്‍ കാലത്ത് നദി കവിഞ്ഞൊഴുകുന്ന അവസ്ഥയില്‍ ആയിരുന്നതിനാല്‍ നിരവധി മൃതദേഹങ്ങള്‍ ഒഴുകിപ്പോയി. മരണസംഖ്യ കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാത്തിന് ഇതും കാരണമായി. നിരവധി യാത്രക്കാര്‍ അപകടത്തില്‍പ്പെട്ട പാസഞ്ചര്‍ തീവണ്ടിയുടെ മുകളില്‍ കയറിയും വാതില്‍പ്പടിയില്‍ തൂങ്ങിക്കിടന്നും യാത്രചെയ്തിരുന്നുവെന്നാണ് പറയപ്പെടുന്നത്. യാത്രക്കാരുടെ എണ്ണം സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമല്ലാത്തതിലാല്‍ രാജ്യത്തെ ഏറ്റവുംവലിയ തീവണ്ടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം സംബന്ധിച്ച കൃത്യമായ വിവരം ഇനിയും ഉണ്ടായിട്ടില്ല. ഇന്ത്യയുടെ റെയില്‍വെ ചരിത്രത്തില്‍ നിരവധി മരണങ്ങള്‍ രേഖപ്പെടുത്തിയ വര്‍ഷമായാണ് 1981 നെ കണക്കാക്കുന്നത്. നിരവധി തീവണ്ടികള്‍ ആവര്‍ഷം പാളംതെറ്റി. 526 പാളംതെറ്റലുകളാണ് ആ വര്‍ഷത്തെ ആദ്യ ഒന്‍പത് മാസങ്ങള്‍ക്കിടെതന്നെ നടന്നത്.
ലോകത്തെ ഏറ്റവും വലിയ തീവണ്ടി അപകടമെന്ന് കരുതപ്പെടുന്നത് സുനാമി ദുരന്തത്തിനിടെ 2004 ഡിസംബര്‍ 26-ന് ശ്രീലങ്കയില്‍ നടന്ന സംഭവമാണ്. പാസഞ്ചര്‍ തീവണ്ടി സുനാമി തിരയില്‍പ്പെട്ടതിനെത്തുടര്‍ന്ന് 1700-ഓളം പേര്‍ മരിച്ചുവെന്നാണ് കരുതപ്പെടുന്നത്. തീവണ്ടി യാത്രക്കാര്‍ക്ക് 1500 ടിക്കറ്റുകള്‍ നല്‍കിയിരുന്നു. 200-ഓളംപേര്‍ വിവിധ സ്റ്റേഷനുകളില്‍നിന്ന് ടിക്കറ്റെടുക്കാതെ തീവണ്ടിയില്‍ കയറിയെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയാണ് മരണസംഖ്യ 1700 ആണെന്ന് കണക്കാക്കുന്നത്.
കേരളത്തില്‍ കൊല്ലം ജില്ലയിലെ പെരുമണില്‍ 1988 ജൂലായ് എട്ടിനുണ്ടായ തീവണ്ടി ദുരന്തത്തില്‍ 105 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഐലന്‍ഡ് എക്‌സ്പ്രസിന്റെ 14 ബോഗികള്‍ അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
Content Highlights: India's deadliest train disaster Bihar 1981
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..