ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുമ്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാകുന്നു. രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 62.09 ശതമാനമായി വര്‍ധിച്ചു. സജ്ജീവ കേസുകളേക്കാള്‍ ഏതാണ്ട് രണ്ടിരട്ടിയോളം പേര്‍ രാജ്യത്ത് രോഗമുക്തരായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയില്‍ വ്യാഴാഴ്ച 24,897 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 487 പേരുടെ മരണവും സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 21,129 ആയി. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 7,67,296 ആണ്. നിലവില്‍ 2,69,789 പേരാണ് ചികിത്സയിലുള്ളത്. 4,76,978 പേര്‍ രോഗമുക്തരായി.
നേരത്തെ ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ തോത് ലോകശരാശരിയെ അപേക്ഷിച്ച് വളരെ കുറവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യങ്ങളില്‍ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനമെങ്കിലും പത്തു ലക്ഷത്തില്‍ 538 കോവിഡ് ബാധിതര്‍ എന്നാണ് രാജ്യത്തെ രോഗബാധിതരുടെ തോതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഏതാനും ചില മേഖലകളില്‍ രോഗവ്യാപനം ഉയര്‍ന്ന തോതില്‍ ഉണ്ടാകാം. എന്നാല്‍ രാജ്യം മൊത്തത്തിലെടുത്താല്‍ സാമൂഹ്യവ്യാപനം സംഭവിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: India’s Covid-19 recoveries overshoot active cases, rate climbs to 62.09%