ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മരണ നിരക്ക് 1.44 ശതമാനമായി കുറഞ്ഞു. കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടത്തിയ മികച്ച പ്രവര്‍ത്തനം മൂലമാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു.

കഴിഞ്ഞ 16 ദിവസങ്ങളായി രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 300 ല്‍ താഴെയാണ്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൃത്യമായി നിര്‍ണയിക്കല്‍, ടെസ്റ്റുകളുടെ എണ്ണം കൂട്ടല്‍, സര്‍ക്കാര്‍ - സ്വാകാര്യ ആശുപത്രികളിലെ മികച്ച പരിചരണം എന്നിവയെ തുടര്‍ന്നാണ് രാജ്യത്തെ കോവിഡ് മരണങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞത്. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ ഡെത്ത് പെര്‍ മില്യണ്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. റഷ്യ, ജര്‍മനി, ബ്രസീല്‍, ഫ്രാന്‍സ്, യു.എസ്, യു.കെ എന്നീ രാജ്യങ്ങളിലെ ഡെത്ത് പെര്‍ മില്യണ്‍ ഇന്ത്യയുടേതിനെക്കാള്‍ വളരെ ഉയര്‍ന്നതാണ്.

കോവിഡ് വ്യാപന നിരക്ക് മാത്രമല്ല മരണങ്ങള്‍ കുറയ്ക്കുന്നതിനും ഗുരുതരമായ രോഗബാധിതര്‍ക്ക് ഗുണനിലവാരമുള്ള പരിചരണം നല്‍കിക്കൊണ്ട് ജീവന്‍ രക്ഷിക്കുന്നതിനും സാധിച്ചു. കേന്ദ്രം, സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ രാജ്യത്തൊട്ടാകെയുള്ള ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞതായും ആരോഗ്യ  മന്ത്രാലയം പറയുന്നു.

രാജ്യത്ത് കോവിഡ് വിമുക്തരുടെ എണ്ണം 10,075,950 ആയും ദേശീയ കോവിഡ് വിമുക്തി നിരക്ക് 96.42 ശതമാനവും ആയും ഉയര്‍ന്നു. ഇന്ത്യയില്‍ നിലവില്‍ ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 2,23,335  ആണ്. മൊത്തം കേസുകളുടെ 2.14 ശതമാനം മാത്രമാണിത്. 24 മണിക്കൂറിനുള്ളില്‍ 19,299 രോഗികള്‍ കോവിഡ് വിമുക്തരായതോടെ മൊത്തം ചികിത്സയില്‍ തുടരുന്നവരുടെ എണ്ണത്തില്‍ നിന്ന് 855 കേസുകള്‍ കുറഞ്ഞു. പത്ത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള കോവിഡ്  മുക്തി നിരക്ക് 79.12 ശതമാനമാണ്. കേരളത്തില്‍ ദിവസേനയുള്ള കോവിഡ്  മുക്തരുടെ എണ്ണം 5424 ആണ്. മഹാരാഷ്ട്രയില്‍ ഇത് 2401 ഉം, ഉത്തര്‍ പ്രദേശില്‍ 1167 ആണ്. 

content Highlight: India's COVID-19 fatality rate declines to 1.44 pc