കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കുന്ന ന്യൂഡൽഹിയിലെ ശ്മശാനം. ഫോട്ടോ എ.എൻ.ഐ.
ന്യൂഡല്‍ഹി: മേയ് മധ്യത്തോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5600 ആയി ഉയരുമെന്ന് അമേരിക്കന്‍ ഏജന്‍സിയുടെ പഠനം. വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാല്യുവേഷന്‍(ഐഎച്ച്എംഇ)നടത്തിയ കോവിഡ് 19 പ്രൊജക്ഷന്‍സ് എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ഏപ്രില്‍-ആഗസ്റ്റ് കാലയളവില്‍ മാത്രം മൂന്നുലക്ഷത്തോളം പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടേക്കാം. ഏപ്രില്‍ പകുതിയോടെ ഇന്ത്യയില്‍ കോവിഡ് 19 അഞ്ചാമത്തെ മരണകാരണമായി മാറാമെന്നും ഐഎച്ച്എംഇ മുന്നറിയിപ്പുനല്‍കുന്നു. ഇന്ത്യ നടത്തുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ യജ്ഞത്തിന് രണ്ടാംതരംഗത്തെ അതിജീവിക്കാനാകുമെന്ന പ്രതീക്ഷയും പഠനംവെച്ചുപുലര്‍ത്തുന്നുണ്ട്.
വരും ആഴ്ചകളില്‍ രാജ്യത്തെ മഹാമാരി വളരെ രൂക്ഷമായി ബാധിക്കും. മെയ് 10 ആകുന്നതോടെ രാജ്യത്തെ കോവിഡ് ബാധിച്ചുളള പ്രതിദിന മരണനിരക്ക് 5600 ആയി ഉയരും. ഏപ്രില്‍ 12-നും ഓഗസ്റ്റ് ഒന്നിനുമിടയില്‍ 3,29,000 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടേക്കാം. ജൂലൈ അവസാനത്തോടെ മരണസംഖ്യ 6,65,000 ആയി ഉയരും- ഏപ്രില്‍ 15ന് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
സെപ്റ്റംബര്‍ 2020 മുതല്‍ ഫെബ്രുവരി 2021 വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെയും മരണത്തിന്റെയും എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഏപ്രില്‍മാസത്തോടെ രോഗവ്യാപനം വീണ്ടും രൂക്ഷമായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കോവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്നപ്പോള്‍ ഉളളതിനേക്കാള്‍ ഇരട്ടിയാണ് ഏപ്രിലില്‍ സ്ഥിരീകരിക്കപ്പെട്ട കേസുകളുടെ എണ്ണം.
ഏപ്രില്‍ ഒന്നാംവാരത്തിനും രണ്ടാംവാരത്തിനും ഇടയില്‍ പ്രതിദിനം സ്ഥിരീകരിച്ച പുതിയ കേസുകള്‍ 71 ശതമാനവും പ്രതിദിനമരണനിരക്ക് 55 ശതമാനവും വര്‍ധിച്ചു. മാസ്‌ക് ധരിക്കാന്‍ ജനങ്ങള്‍ വിസമ്മതിച്ചതും ഒത്തുചേരലുകളില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ പങ്കെടുത്തതുമാണ് ഇത്തരത്തില്‍ കേസുകള്‍ ഉയരുന്നതിന് കാരണമായതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
24 മണിക്കൂറിനിടയില്‍ സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം ഏപ്രില്‍ ആദ്യവാരത്തില്‍ ശരാശരി 1,33,400 ആയി ഉയര്‍ന്നു. മാര്‍ച്ച് അവസാനവാരത്തില്‍ ഇത് 78,000 ആയിരുന്നു. കോവിഡ് മരണനിരക്കിലും വര്‍ധനവുണ്ടായി. മരണനിരക്ക് ശരാശരി 970 ല്‍ നിന്ന് 1500 ആയി ഉയര്‍ന്നു.
Content Highlights:India's Covid 19 deaths could peak by mid-May at 5,600, an American study
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..