ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ ബീഫ് കയറ്റുമതിയില്‍ വന്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍. രാജ്യത്ത് ബീഫ് കൈവശം വെച്ചതിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടക്കുമ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്നും കണക്കുകള്‍ പറയുന്നു. 

അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലെപ്‌മെന്റ് അതോറിറ്റിയുടെ (APEDA) യുടെ കണക്കുകള്‍ പ്രകാരം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014ല്‍ രാജ്യത്തെ ബീഫ് കയറ്റുമതി കുതിച്ചുയര്‍ന്നു. 14,75,540 മെട്രിക്ക് ടണ്‍ ബീഫാണ് ആ വര്‍ഷം കയറ്റി അയച്ചത്. 2013-14 കാലത്ത് ഇത് 13,65,643 മെട്രിക്ക് ടണ്‍ മാത്രമായിരുന്നു. പത്ത് വര്‍ഷത്തനിടയിലെ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റി അയച്ചതും 2014ല്‍ ആയിരുന്നു.

2016-17ല്‍ 13,30,013 മെട്രിക്ക് ടണ്‍ ബീഫ് കയറ്റുമതി ചെയ്തു. 2015-16 കാലത്തെ ബീഫ് കയറ്റുമതിയില്‍ നിന്ന് 1.2 ശതമാനം വളര്‍ച്ചയാണ് ആ വര്‍ഷം ഉണ്ടായത്. 2017-18 കാലത്ത് 13,48,225 മെട്രിക്ക് ടണ്ണായി ഇത് ഉയര്‍ന്നു. 2016 ല്‍ നിന്ന് 1.3 ശതമാനമായിരുന്നു വര്‍ധന. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റി അയക്കുന്നത് ഇന്ത്യയാണ്. 4 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ബീഫാണ് ഇന്ത്യ ഒരു വര്‍ഷം കയറ്റി അയക്കുന്നത്.

content highlights: India’s beef exports rise under Modi