ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയില്‍ നടന്ന വാക്‌സിനേഷന്‍ ജി-7 രാജ്യങ്ങളില്‍ എല്ലാംകൂടി ഈ കാലയളവില്‍ നടന്ന വാക്‌സിനേഷനേക്കാള്‍ കൂടുതലാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഓഗസ്റ്റില്‍ ഇന്ത്യയില്‍ 18 കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

'മറ്റൊരു നേട്ടംകൂടി! ഓഗസ്റ്റ് മാസത്തില്‍ 18 കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കിക്കൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ പ്രതിരോധ മരുന്ന് നല്‍കുന്ന കാര്യത്തില്‍ ഇന്ത്യ ആഗോള ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു', 'മൈഗവ് ഇന്ത്യ' ട്വീറ്റ് ചെയ്തു. 

ജി-7 രാജ്യങ്ങളായ കാനഡ, യുകെ, യുഎസ്, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ ആകെ നടന്ന വാക്‌സിനേഷനേക്കാള്‍ കൂടുതലാണ് ഇന്ത്യയില്‍ നടന്ന വാക്‌സിനേഷനെന്നും ട്വീറ്റില്‍ പറയുന്നു. കാനഡ 30 ലക്ഷം ഡോസും ജപ്പാന്‍ നാല് കോടി ഡോസുമാണ് നല്‍കിയതെന്നും ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ ഇന്ത്യയില്‍ 68.46 കോടിയില്‍ അധികം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഞായറാഴ്ച 42,766 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Content Highligts: India's August Vaccination Tally Higher Than G7 Nations Combined