ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ ഐടി ചട്ടങ്ങള്‍ മനുഷ്യാവകാശ ലംഘനമല്ലെന്ന് ഐക്യരാഷ്ട്ര സഭയ്ക്ക് (യുഎന്‍) ഇന്ത്യയുടെ മറുപടി. സാമൂഹിക മാധ്യമങ്ങളിലെ സാധാരണ ഉപഭോക്താക്കളെ ശാക്തീകരിക്കാനാണ് ഐടി ചട്ടത്തിന് രൂപം നല്‍കിയത്. വിശാലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ ഐടി ചട്ടങ്ങള്‍ കൊണ്ടുവന്നതെന്നും യുഎന്നിലെ ഇന്ത്യന്‍ മിഷന്‍ വ്യക്തമാക്കി. 

യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതിനിധികള്‍ രാജ്യത്തെ ഐടി ചട്ടങ്ങളില്‍ വലിയ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ മറുപടി. അഭിപ്രായ സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ചട്ടങ്ങളില്‍ ഇന്ത്യ മാറ്റം വരുത്തണെന്ന് അഭ്യര്‍ഥിച്ച് യുഎന്നിലെ പ്രത്യേക സമിതി കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. 

രാജ്യത്ത് സാമൂഹിക മാധ്യമങ്ങളിലെ സാധാരണക്കാരായ ഉപയോക്താക്കളെ ശാക്തീകരിക്കാനാണ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ചൂഷണം ചെയ്യപ്പെടുന്ന ഇരകള്‍ക്ക് പരാതി നല്‍കാന്‍ ഒരിടം വേണം. പൊതുജനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വിവിധ മേഖലയിലുള്ളവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഐടി ചട്ടങ്ങള്‍ തയ്യാറാക്കിയതെന്നും കേന്ദ്രം മറുപടി നല്‍കി. 

രാജ്യത്തെ ഐടി ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന ആശങ്കകള്‍ തെറ്റാണ്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും ശക്തമായ മാധ്യമങ്ങളും ഇന്ത്യന്‍ ജനാധിപത്യ ഘടനയുടെ ഭാഗമാണെന്നും യുഎന്നിനുള്ള മറുപടിയില്‍ കേന്ദ്രം പറയുന്നു. 

content highlights: India responds to UN, says new IT rules 'designed to empower ordinary users of social media'