റിപ്പബ്ലിക് പരേഡിൽ അണിനിരന്ന കേരളത്തിൻറെ നിശ്ചലദൃശ്യ പ്രദർശനം
ന്യൂഡല്‍ഹി: രാജ്യം 72 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ചു പുഷ്പാജ്ഞലി അര്‍പ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും മൂന്നു സൈനിക മേധാവികളും ഒപ്പമുണ്ടായിരുന്നു.
അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിശിഷ്ടതിഥി ഇല്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിനാഘോഷ റാലിയുടെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചിട്ടുണ്ട്.

രാജ്യത്തിന്റെ സൈനിക ശക്തി തെളിയിക്കുന്നതായിരുന്ന സൈനിക പരേഡ്. ടാങ്ക് 90-ഭീഷ്മ, പിനാക മള്‍ട്ടി ലോഞ്ചര്‍ റോക്കറ്റ് സിസ്റ്റം, ഷില്‍ക വെപ്പണ്‍ സിസ്റ്റം, രുദ്ര-ദ്രുവ് ഹെലികോപ്ടറുകള്‍, ബ്രഹ്മോസ് മിസൈല്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.
പരേഡില്‍ പങ്കെടുത്ത 861ബ്രഹ്മോസ് മിസൈല്‍ റജിമെന്റിന്റെ യുദ്ധകാഹളം സ്വാമിയേ ശരണമയ്യപ്പാ എന്ന മന്ത്രമാണ്. 15ന് ഡല്‍ഹിയില്‍ നടന്ന കരസേനാ ദിനാചരണത്തോടനുബന്ധിച്ചുള്ള പരേഡിലും ബ്രഹ്മോസിന്റെ കാഹളം 'സ്വാമിയേ ശരണമയ്യപ്പാ' തന്നെയായിരുന്നു. ദുര്‍ഗ മാതാ കീ ജയ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ സ്തുതികള്‍ സാധാരണയായി യുദ്ധകാഹളമായി ഉപയോഗിക്കാറുണ്ട്. ഇതിനൊപ്പമാണ് ഇത്തവണ അയ്യപ്പ സ്തുതിയും ഉള്‍പ്പെടുത്തിയത്.
സൈനികശക്തി പ്രകടിപ്പിക്കുന്ന ടാബ്ലോകളും അണിനിരന്നു. രാജ്യത്തെ ഫൈറ്റര്‍ ജെറ്റ് ആദ്യ വനിതാ പൈലറ്റിലൊരാളായ ഭാവന കാന്ത് എയര്‍ ഫോഴ്സിന്റെ ടാബ്ലോയില്‍ പങ്കെടുത്തു.

രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും വൈവിധ്യവും പ്രദര്‍ശിപ്പിക്കുന്നതായിരുന്നു വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചലദൃശ്യപ്രദര്‍ശനം. കേന്ദ്രഭരണ പ്രദേശമായി മാറിയ ലഡാക്ക് ആദ്യമായി നടത്തിയ നിശ്ചലദൃശ്യത്തോടെയാണ് സാംസ്കാരിക നിശ്ചലദൃശ്യ പ്രദര്‍ശനം ആരംഭിച്ചത്.
32 നിശ്ചദൃശ്യങ്ങളാണ് അണിനിരന്നത്. വടക്കന്‍ മലബാറിന്റെ തനത് കലാരൂപമായ തെയ്യമുള്‍പ്പെടുന്ന ദൃശ്യങ്ങളാണ് കേരളത്തില്‍ നിന്നുള്ള നിശ്ചല ദൃശ്യത്തിലുള്‍പ്പെട്ടത്. അയോധ്യയുടേയും നിര്‍ദിഷ്ട രാം മന്ദിറിന്റേയും രൂപരേഖ ഉള്‍ക്കൊളളുന്നതായിരുന്നു ഉത്തര്‍പ്രദേശിന്റെ നിശ്ചലദൃശ്യം. ഇന്ത്യ മുന്നോട്ടുവെയ്ക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് ആശയം മുന്‍നിര്‍ത്തി കോവിഡ് വാക്സിന് വികസനത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച നിശ്ചലദൃശ്യവും പരേഡില്‍ അണിനിരന്നു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോടെക്നോളജിയാണ് ടാബ്ലോയ്ക്ക് നേതൃത്വം നല്‍കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..