പ്രതീകാത്മക ചിത്രം | Photo: ANI
ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നു. അഞ്ച് മാസത്തിനിടയില്‍ ഇതാദ്യമായി പ്രതിദിന കണക്ക് അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26,490 പേര് രോഗമുക്തരായപ്പോള്‍ 251 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 47,262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 275 പേരാണ് മരണമടഞ്ഞത്.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,17,87,534 ആയി. 1,12,31,650 പേര് ഇതുവരെ രോഗമുക്തി നേടി. 1,60,692 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലായി 3,95,192 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതുവരെ 5,31,45,709 പേര്‍ക്ക് കോവിഡ് വാക്സിന് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ഇന്നലെ 31,855 പുതിയ കോവിഡ് കേസുകളും 95 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 25,64,881 ആയി ഉയര്‍ന്നു. 15,098 പേര്‍ക്ക് അസുഖം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 22,62,593 ആയി. ആകെ മരണം 53,684. നിലവില്‍ 2,47,299 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
മുംബൈയിലും സ്ഥിതി അതിരൂക്ഷമാണ്. മുംബൈയില്‍ ദിവസേനയുള്ള കോവിഡ് കേസുകള്‍ അയ്യായിരം കടന്നു. ഇന്നലെ പുതിയ കേസുകളുടെ എണ്ണം 5,185 ആയി വര്‍ധിച്ചു. ആറുപേര്‍ മരിച്ചപ്പോള്‍ നഗരത്തില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2088 ആണ്.
ഇതിനിടെ കോവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് ഇക്കുറി മുംബൈ നഗരത്തില്‍ ഹോളി ആഘോഷിക്കുന്നത് അനുവദിക്കില്ലെന്ന് ബി.എം.സി. വ്യക്തമാക്കി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 28, 29 തീയതികളില്‍ ഹോളിയുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും ഒഴിവാക്കും.
കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മഹാരാഷ്ട്രയില്‍ ഓരോ പ്രദേശവും ലോക്ഡൗണിലേക്ക് പോകുകയാണ്. ബീഡ് ജില്ലയില്‍ വെള്ളിയാഴ്ചമുതല്‍ ഏപ്രില്‍ നാലുവരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പര്‍ഭനിയിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ പാല്‍ഘര്‍, ഔറംഗാബാദ്, നാഗ്പുര്‍ എന്നിവിടങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ബീഡില്‍ ജില്ലാ അധികാരികളാണ് ബുധനാഴ്ച പ്രഖ്യാപനം നടത്തിയത്.
നേരത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച നാഗ്പുരില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ ദിവസം ശരാശരി 6000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. രോഗമുക്തരുടെ നിരക്കും ഉയരുന്നുണ്ടെന്നത് മാത്രമാണ് ഏക ആശ്വാസം. വിദര്ഭപ്രദേശത്തെ നാഗ്പുര്‍ അടക്കം 11 ജില്ലകളില്‍ ഇതുവരെ കോവിഡ് പിടിപെട്ടവരുടെ എണ്ണം നാല് ലക്ഷത്തിലധികംവരും. ഇതില്‍ ഒരു ലക്ഷത്തിലധികം ഈ മാര്‍ച്ച് ഒന്നുമുതലുള്ളതാണ്.
Content Highlights: India reports 53,476 new COVID19 cases, 26,490 recoveries, and 251 deaths in the last 24 hours
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..