ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ് . ബുധനാഴ്ച രാവിലെയവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 2,95,041 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 

തുടര്‍ച്ചയായി ഏഴാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 2,023 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,82,553 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,457 പേര്‍ കോവിഡ്  മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,32,76,039 ആയി. 21,57,538 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,56,16,130 ആണ്. ഇതുവരെ രാജ്യത്ത് 13,01,19,310 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ ചൊവ്വാഴ്ച മാത്രം 62,097 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 39.6 ലക്ഷമാണ് സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകള്‍.മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഡൽഹി, കേരളം,തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയില്‍ ചൊവ്വാഴ്ച 28,395 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.     

രോഗവ്യാപനം കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കേരളത്തില്‍ ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു. മഹാരാഷ്ട്രയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ നാലുമണിക്കൂര്‍ മാത്രമേ തുറക്കാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. മേയ് ഒന്നുവരെയാണ് നിയന്ത്രണം. പുതുച്ചേരിയിലും രാത്രികാല കര്‍ഫ്യൂ നിലവില്‍വന്നു. ചൊവ്വാഴ്ച രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ. തെലങ്കാനയിലും ഏപ്രില്‍ മുപ്പതുവരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

Content highlight: India reports 2,95,041 new COVID19 cases