ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,199 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 9,695 പേര്‍ രോഗമുക്തരായി. 83 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ഇന്ത്യയില്‍ 1,10,05,850 ആളുകള്‍ക്കാാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 1,56,385 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 1,50,055 ആളുകളാണ്. രാജ്യത്ത് 1,11,16,854 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിലും കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചത്. രോഗികളുടെ 74 ശതമാനത്തിലേറെ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.
കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി ജനങ്ങള്‍ പാലിക്കണമെന്നും നിയമലംഘനം നടത്തി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ എട്ടുദിവസത്തിനകം മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
6971 കേസുകളാണ് മഹാരാഷ്ട്രയില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ കഴിഞ്ഞ ദിവസം 4070 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.