ന്യൂഡല്‍ഹി: കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. തെറ്റിദ്ധാരണാജനകവും പക്ഷപാതപരവും ദുരുദ്ദേശപരവുമാണ് റിപ്പോര്‍ട്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. 

ഇന്ത്യയുടെ പരമാധികാരവും ദേശീയമായ സമഗ്രതയും ചോദ്യംചെയ്യുന്നതാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കുന്നതിന് മുന്‍വിധിയോടെയുള്ള ശ്രമമാണ് റിപ്പോര്‍ട്ടിലുള്ളത്. സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങളുടെ സമാഹാരമാണ് റിപ്പോര്‍ട്ടെന്നും ഇത്തരമൊരു റിപ്പോര്‍ട്ടിനു പിന്നിലുള്ള ഉദ്ദേശ്യം ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതിക്രമങ്ങളിലൂടെ ജമ്മു കശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പാകിസ്താനാണ്. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്നതാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെന്നും റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞുകൊണ്ട് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

കശ്മീരിലും പാക് അധീന കശ്മീരിലും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി യുഎന്‍ വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. നിയന്ത്രണ രേഖയ്ക്ക് ഇരുപുറവുമുള്ളവര്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതിന്റെ പേരില്‍ കടുത്ത ദുരിതങ്ങള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഇതിനെതിരെയാണ് ഇന്ത്യ ശക്തമായി നിലപാടെടുത്തത്‌

Content Highlights: India rejects UN human rights report on Kashmir