ന്യൂഡല്‍ഹി: പാകിസ്താനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം ഇന്ത്യ നിരസിച്ചു. പാകിസ്താന്‍ ആതിഥ്യം അരുളുന്ന സാര്‍ക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയ വാക്താവിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
പാകിസ്താനോടുള്ള ഇന്ത്യയുടെ നിലപാടില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും പാകിസ്താനില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്നും ഇന്ത്യ നിലപാട് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍നിന്ന് പിന്‍മാറി.
2016-ല്‍ പാകിസ്താനില്‍ നടന്ന സാര്‍ക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. ഭീകരാക്രമണങ്ങള്‍ക്ക് അറുതി വരുത്താന്‍ തയ്യാറാകാത്ത പാക് നിലപാടില്‍ പ്രതിഷേധിച്ചാണ് ഇന്ത്യ ഉച്ചകോടി ബഹിഷ്‌കരിച്ചത്. ഇന്ത്യയ്ക്ക് പിന്നാലെ അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും പിന്മാറിയിരുന്നു.
പാകിസ്താന്‍ ആതിഥ്യം അരുളുന്ന സാര്‍ക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയ വാക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാക് പത്രമായ ഡോണിനെ ഉദ്ധരിച്ച് എ.എന്‍.എ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. ജനങ്ങളുടെ വികാരങ്ങളേയും ആഗ്രഹങ്ങളേയും പരിഗണിച്ചാണ് ഇപ്പോള്‍ നയങ്ങളെന്നും വ്യക്തമാക്കിക്കൊണ്ടാണ് മോദിയെ പാകിസ്താന്‍ ഉച്ചകോടിയിലേക്ക് ക്ഷണിക്കുന്ന കാര്യം പാക് വിദേശകാര്യ മന്ത്രാലയ വാക്താവ് ഡോ.മുഹമ്മദ് ഫൈസല്‍ വെളിപ്പെടുത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ഒരുപടി മുന്നോട്ടുവച്ചാല്‍ പാകിസ്താന്‍ രണ്ടുപടി മുന്നോട്ടുവെക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടിയിരുന്നു.
ജമ്മു കശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2016ല്‍ പാകിസ്താനില്‍ നടക്കേണ്ടിയിരുന്ന ഉച്ചകോടിയില്‍നിന്ന് ഇന്ത്യ പിന്‍മാറിയത്. തുടര്‍ന്ന് ഉച്ചകോടി മാറ്റിവെച്ചെങ്കിലും പിന്നീട് നടന്നില്ല. 2014-ല്‍ നേപ്പാളില്‍ നടന്ന സാര്‍ക് ഉച്ചകോടിയില്‍ മോദി പങ്കെടുത്തിരുന്നു. ഇന്ത്യ, പാകിസ്താന്‍, മാലദ്വീപ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയാണ് സാര്‍ക്ക് അംഗരാജ്യങ്ങള്‍.
Content Highlights: India, Pakistan, invitation to PM Modi for SAARC summit, Imran Khan