Representative image | Photo: PTI
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,409 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കോവിഡ് കണക്കുകളിൽ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ രോഗബാധയാണ് ഇത്. കഴിഞ്ഞ ദിവസത്തേക്കാൾ 19.6 ശതമാനമാണ് കോവിഡ് കേസുകളിൽ കുറവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 347 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 5,09,358 ആയി ഉയർന്നു.
അതേസമയം രാജ്യത്ത് കോവിഡ് ആക്ടീവ് കേസുകൾ 4,23,127 ആയി കുറഞ്ഞു. ഇത് ആകെ കോവിഡ് ബാധിതരുടെ ഒരു ശതമാനത്തേക്കാൾ താഴെയാണ് (99%). രോഗമുക്തരാകുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായവർ 4,17,60,468 പേരാണ്. പ്രതിദിന കോവിഡ് പോസിറ്റിവിറ്റി റേറ്റ് 3.19 ശതമാനത്തിൽ നിന്നും 2.23 ആയി കുറഞ്ഞിരിക്കുകയാണ്. പ്രതിവാര പോസിറ്റിവിറ്റി റേറ്റ് 3.63 ശതമാനമാണ്.
രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നതിന്റെ പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും കർഫ്യു പിൻവലിക്കുകയും നിയന്ത്രണങ്ങൾ കുറക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളുകൾ, കടകൾ, തീയേറ്ററുകൾ തുടങ്ങിയവ പുനരാരംഭിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, മേഘാലയ, രാജസ്ഥാൻ, അസം എന്നിവിടങ്ങളിൽ രാത്രി കാലങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യു പിൻവലിക്കുകയും ചെയ്തു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44,68,365 ഡോസ് വാക്സിനുകളാണ് നൽകിയത്. ഇതിൽ 3,01,969 ബൂസ്റ്റർ ഷോട്ടുകളും 16,44,214 ഡോസ് വാക്സിനുകൾ 15 - 18 പ്രായത്തിലുള്ളവർക്കും നൽകിയതായി കേന്ദ്രം വ്യക്തമാക്കി. ഇതോടെ 1.73 ബില്യണിലധികം വാക്സിൻ ഡോസുകൾ ഇതുവരെ രാജ്യത്ത് നൽകിയതായി കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
Content Highlights: India records 27,409 new Covid-19 cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..