ഡോ.രാജീവ് കുമാർ | Photo: ANI
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്താന്‍ തയ്യാറാണെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. ഓഹരി വിപണിയിലും മെച്ചപ്പെട്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കോവിഡ് വളരെ പ്രതികൂലമായി ബാധിച്ചു. ആദ്യ തരംഗത്തെ അപേക്ഷിച്ച് രണ്ടാം കോവിഡ് തരംഗത്തില്‍ സാമ്പത്തികസ്ഥിതി വീണ്ടെടുക്കല്‍ വളരെ മന്ദഗതിയിലാണ് നടക്കുന്നത്. എങ്കിലും സമ്പദ് വ്യവസ്ഥ ഇപ്പോള്‍ കോവിഡ് മഹാമാരി ഏല്‍പ്പിച്ച പ്രതിസന്ധിയെ മറികടന്നുകൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങിയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സാമ്പത്തിക മുന്നേറ്റം ശക്തമാകുമെന്നും ജിഡിപി വര്‍ധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാജ്യത്ത് ഇനിയൊരു കോവിഡ് തരംഗം കൂടിയുണ്ടായാല്‍ അതിനെ നേരിടാന്‍ സര്‍ക്കാര്‍ സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നേരത്തെ രണ്ട് കോവിഡ് തരംഗങ്ങള്‍ ഉണ്ടായതിനാല്‍ ഇനിയൊരു തരംഗം കൂടി ഉണ്ടായാല്‍ അതിനെ നേരിടാന്‍ നാം സജ്ജമാണ്. സംസ്ഥാനങ്ങള്‍ക്ക് മുന്‍ തരംഗങ്ങളില്‍ നിന്ന് മഹാമാരിയെ നേരിടുന്നതിനുള്ള പാഠങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുന്‍പത്തേതിനെ അപേക്ഷിച്ച് വളരെ ദുര്‍ബലമായി മാത്രമേ മൂന്നാം തരംഗം സമ്പദ്വ്യവസ്ഥയെ ബാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: India poised for double-digit growth this fiscal, says Niti Aayog VC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..