ന്യൂഡല്‍ഹി:  3500 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന കെ-4 മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് പിന്നാലെ 5000 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് മിസൈല്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.

അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന നിര്‍ദിഷ്ട മിസൈലിന് ഏഷ്യാ ഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങള്‍, ദക്ഷിണചൈനാ കടല്‍ ഉള്‍പ്പെടുന്ന ഇന്തോ-പസഫിക് മേഖല എന്നിവിടങ്ങള്‍ വരെ ലക്ഷ്യം വെക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മിസൈലാണ് അണിയറയിലൊരുങ്ങുന്നത്. നിലവില്‍ പരീക്ഷിച്ച് വിജയിച്ച കെ-4 മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും ഇത്. മിസൈലിനേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഡിആര്‍ഡിഒ പുതിയ മിസൈലിനേപ്പറ്റി പുറത്തുപറയാന്‍ തയ്യാറായിട്ടില്ല. 

നിലവില്‍ ഇന്ത്യയ്ക്ക് കരയില്‍ നിന്ന് വിക്ഷേപിക്കാവുന്ന 5000 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള അഗ്നി-5 മിസൈല്‍ സ്വന്തമായുണ്ട്. ഇത് സേനയുടെ ഭാഗമാകുന്നതിന് മുമ്പുള്ള പരീക്ഷണങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതിനേക്കാള്‍ പ്രഹരപരിധിയിയുളളതും ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ആക്രമണം നടത്താന്‍ ശേഷിയുള്ള മിസൈല്‍ നിര്‍മിക്കാനാവശ്യമായ സാങ്കേതിക വിദ്യ കൈവശമുണ്ടെന്നാണ്‌ ഡിആര്‍ഡിഒ പറയുന്നത്. എന്നാല്‍ അത്തരമൊന്ന് വികസിപ്പിക്കാനാവശ്യമായ നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വന്നിട്ടില്ലെന്ന് ഇവര്‍ പറയുന്നു. 

അന്തര്‍ വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന കെ-4 മിസൈലിന്റെ രണ്ട് പരീക്ഷണങ്ങളാണ് പൂര്‍ത്തിയായിട്ടുള്ളത്. 2020 ജനുവരി 19 നും 24നും രണ്ട് പരീക്ഷണണങ്ങളാണ് ഡിആര്‍ഡിഒ നടത്തിയത്. രണ്ടും വിജയകരമായിരുന്നു. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള കെ-4 മിസൈല്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അരിഹന്ത് ക്ലാസ് അന്തര്‍വാഹിനികളിലാകും ഘടിപ്പിക്കുക. 

5000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുക എന്നതാണ് ഡിആര്‍ഡിഒയുടെ അടുത്ത നീക്കം. നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇത്തരം മിസൈലുകള്‍ കൈവശമുള്ളത്. ഈ പട്ടികയില്‍ ഇടം നേടുകയെന്നതാണ് ഇന്ത്യയുടെ അടുത്ത ലക്ഷ്യം.

Content Highlights: India plans 5,000-km range Submarine-Launched Ballistic Missile