ന്യൂഡൽഹി: കോവിഡ് 19ന് എതിരായി നാലു വാക്സിനുകൾ തയ്യാറാക്കിയിട്ടുള്ള ഒരേയൊരു രാജ്യം ഇന്ത്യ മാത്രമായിരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വാക്സിൻ വിതരണത്തിന്റെ ഡ്രൈ റൺ നടക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ബ്രിട്ടണിൽ ഫൈസർ, ആസ്ട്രസെനക വാക്സിനുകൾക്കും അമേരിക്കയിൽ ഫൈസറിനും അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ മൂന്ന് വാക്സിനുകളുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഒരു വാക്സിൻ നിർമാതാക്കളുടെ അപേക്ഷ കൂടി ലഭിക്കുമെന്നും അടിയന്തര ഉപയോഗത്തിന് ഒന്നിലധികം വാക്സിനുകൾ ലഭ്യമാകുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഓക്സഫഡും ആസ്ട്രസെനകയും സെറം ഇൻസ്റ്റിറ്റിയൂട്ടും ചേർന്ന് വികസിപ്പിക്കുന്ന കോവിഷീൽഡും ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് വികസിപ്പിക്കുന്ന കോവാക്സിനും അടക്കം ആറ് വാക്സിനുകൾ ഇന്ത്യയിൽ വികസിപ്പിക്കുന്നുണ്ട്. അഹമ്മദാബാദിലെ കോഡില ഹെൽത്ത് കെയർ നിർമിക്കുന്ന ZyCOV-D, സെറം ഇൻസ്റ്റിറ്റിയൂട്ടും നോവാവാക്സും ചേർന്ന് വികസിപ്പിക്കുന്ന VX-CoV2373 എന്നിവ പരീക്ഷണ ഘട്ടത്തിലാണ്.

Content Highlights:India perhaps only country with 4 vaccines almost ready- Prakash Javadekar