ജമ്മു: അതിര്‍ത്തി മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയുടെയും പാകിസ്താന്റെയും അതിര്‍ത്തി സേനാ മേധാവികള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നു.

ജമ്മു മേഖലയില്‍ അതിര്‍ത്തി പ്രദേശത്തെ നീയന്ത്രിത മേഖലയില്‍ പാകിസ്താന്‍ വെടി നിര്‍ത്തല്‍ ലംഘിച്ചതിനെ തുടര്‍ന്ന് 12 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ചര്‍ച്ച.

ബിഎസ്എഫിന്റെയും പാകിസ്താന്‍ റെയ്‌ഞ്ചേഴ്‌സിന്റെയും കമാന്റര്‍മാര്‍ തമ്മില്‍  ആര്‍എസ് പുരയിലെ ഓക്ട്രോയ് പോസ്റ്റില്‍ വെച്ചാണ് ഇരു മേധാവികളും കൂടിക്കാഴ്ച നടത്തിയതെന്ന് ജമ്മു ഫ്രോണ്ടിയര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാം അവതാര്‍ അറിയിച്ചു.

ജനുവരി 17 മുതല്‍ 22 വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ള മേഖലയില്‍ പാക് നടത്തിയ ഷെല്ലാക്രമണത്തിന്റെയും വെടിവയ്പ്പിന്റെയും പശ്ചാത്തലത്തിലാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്. ഈ ആക്രമണങ്ങളില്‍ രണ്ട് ബിഎസ്എഫ് ജവാന്മാരും നാല് സൈനികരും ഏഴ് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.

നീയന്ത്രണ മേഖലയില്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്‌കൂളുകള്‍ക്ക് 26 അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 29 വരെ സ്‌കൂളുകള്‍ അടഞ്ഞു കിടക്കും.

2003ലാണ് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രം 882 തവണയാണ് പാകിസ്താന്‍ കരാര്‍ ലംഘിച്ചത്.  14 സൈനികരും 12 സാധാരണക്കാരും നാല് ബിഎസ്എഫ് ജവാന്മാരും കൊലപ്പെട്ടിരുന്നു.