ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ഇന്ത്യയും പാകിസ്താനും പരസ്പര ധാരണയിലെത്തി. ഇരുരാജ്യങ്ങളുടെയും സൈനിക നേതൃത്വം വ്യാഴാഴ്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 

അതിര്‍ത്തികളില്‍ പരസ്പരം പ്രയോജനകരവും സുസ്ഥിതവുമായ സമാധാനം കൈവരിക്കാനായി ആക്രമണത്തിലേക്ക് നയിക്കുന്ന പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിക്കാനായി ഇന്ത്യ-പാക് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ ധാരണയിലെത്തിയതായി ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. 

2003 ലാണ് നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാറില്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചത്. എന്നാല്‍ സമീപകാലത്ത് പാകിസ്താന്‍ നിരവധി തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.

നിയന്ത്രണ രേഖയ്ക്ക് സമീപം താമസിക്കുന്ന പ്രദേശവാസികള്‍ നേരിടുന്ന പ്രതികൂല സാഹചര്യം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് വെടിനിര്‍ത്തര്‍ കരാര്‍ പാലിക്കാന്‍ ധാരണയിലെത്തിയതെന്ന് ഡല്‍ഹിയിലെ ഒരു സൈനിക ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പരസ്പര ധാരണയിലൂടെ അതിര്‍ത്തിയിലെ അക്രമണങ്ങളും സംഘര്‍ഷങ്ങളും കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. 

content highlights: india pakistan agree to stop all cross border firing along line of control