രാഷ്ട്രപതി രാംനാഥ് കോവിന്ദ് (ഫയൽ ചിത്രം)
ന്യൂഡല്‍ഹി: നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ ഭാരതത്തിന്റെ ഭാവി സുരക്ഷിതമാണെന്നും ജനങ്ങളാണ് യഥാര്‍ഥ രാഷ്ട്രശില്പികളെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായി മാറ്റാന്‍ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. സ്ഥാനമൊഴിയുന്ന സന്ദര്‍ഭത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാംനാഥ് കോവിന്ദ്.
കുട്ടിക്കാലത്ത് ജനാധിപത്യം എന്തെന്ന് പോലും അറിയില്ലായിരുന്നു. സ്വതന്ത്രഭാരതത്തിന്റെ നിര്‍മാണപ്രക്രിയകള്‍ ആരംഭിച്ചിരുന്ന ആ കാലത്ത് നടന്ന ദേശീയ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി തനിക്കും ഭാവിയില്‍ രാജ്യത്തിനായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കണമെന്ന് ആഗ്രഹം തോന്നിയിരുന്നു. എന്നാല്‍ ജനാധിപത്യത്തിന്റെ മുകളിലേക്കുള്ള സ്ഥാനങ്ങളൊന്നും സ്വപ്നം കാണുകപോലും ചെയ്തിരുന്നില്ല.
വര്‍ഷങ്ങള്‍ക്കിപ്പുറം കാണ്‍പൂരിലെ പരോങ്ക് ഗ്രാമത്തില്‍ നിന്നുള്ള സാധാരണക്കാരനായ രാംനാഥ് കോവിന്ദ് ഇന്ന് ഭാരതത്തിന്റെ മൊത്തം ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. നമ്മുടെ ഊര്‍ജ്ജസ്വലമായ ജനാധിപത്യ ശക്തിയോട് നന്ദി പറയുകയും നമിക്കുകയും ചെയ്യുന്നു. നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായവര്ക്കും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളില്‍ ഒന്നാണ് രാഷ്ട്രപതി പദത്തിലിരിക്കുമ്പോള്‍ കാണ്‍പൂരിലെ തന്റെ പഴയ അധ്യാപകരുടെ പാദങ്ങള്‍ തൊട്ട് അവരുടെ അനുഗ്രഹം തേടിയ അനുഭവം. നമ്മുടെ വേരുകളുമായുള്ള ബന്ധം ഇന്ത്യയുടെ സത്തയാണ്. തങ്ങളുടെ ഗ്രാമവുമായും നഗരവുമായും സ്കൂളുകളുമായും അധ്യാപകരുമായും ബന്ധപ്പെട്ടിരിക്കുന്ന ഈ പാരമ്പര്യം തുടരണമെന്നും യുവതലമുറയോട് അദ്ദേഹം ആവര്‍ത്തിച്ചു.
കാലാവസ്ഥാവ്യതിയാനം ഗ്രഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കയാണെന്നും കോവിന്ദ് ചൂണ്ടിക്കാട്ടി. നമ്മുടെ കുട്ടികള്‍ക്കുവേണ്ടി നമ്മുടെ പരിസ്ഥിതിയും ഭൂമിയും വായുവും വെള്ളവും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. സര്‍വപള്ളി രാധാകൃഷ്ണന്, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം എന്നിവരുള്‍പ്പെടെ മുന്‍ രാഷ്ട്രപതിമാരെ ഈ അവസരത്തില്‍ അദ്ദേഹം അനുസ്മരിച്ചു. അഞ്ച് വര്‍ഷത്തെ നീണ്ട ഭരണകാലത്ത്, കഴിവിന്റെ പരമാവധി ഉപയോഗിച്ച് കടമകള്‍ നിറവേറ്റിയിട്ടുണ്ട്. മഹാരഥന്മാരുടെ പിന്ഗാമിയാകുകയെന്നത് വലിയൊരു ചുമതലയായിരുന്നു. ജനപ്രതിനിധികളുള്‍പ്പെടെ എല്ലാ ഇന്ത്യക്കാരോടും നന്ദി അറിയിക്കുന്നു. അഞ്ചുവര്‍ഷംമുമ്പ് എന്നിലേല്‍പ്പിച്ച വിശ്വാസം കാക്കാന്‍ പറ്റി എന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..