അലിഗഢ്: പ്രതിരോധ ഉപകരണങ്ങള്‍ ഇറക്കുമതിചെയ്യുന്ന ഒരു രാജ്യം മാത്രമായി ഇന്ത്യ ഇനി തുടരില്ലെന്നും സമീപഭാവിയില്‍ പ്രതിരോധ രംഗത്തെ സുപ്രധാന കയറ്റുമതി രാജ്യമായി ഇന്ത്യ മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പി. പ്രതിരോധ ഇടനാഴിയുടെ അലിഗഢിലെ കേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ആധുനിക ഗ്രനേഡുകളും റൈഫിളുകളും മുതല്‍ യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, യുദ്ധക്കപ്പലുകള്‍ തുടങ്ങിയവ വരെ ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിക്കപ്പെടുന്നു എന്ന കാര്യം ഇന്ന് രാജ്യം മാത്രമല്ല, ലോകവും ഉറ്റുനോക്കുകയാണ്. ആധുനിക പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി രംഗത്ത് പുതിയ ഇടം ഉണ്ടാക്കുന്നതിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി അലിഗഢിലെ രാജാ മഹേന്ദ്ര പ്രതാപ് സിങ് സ്റ്റേറ്റ് സര്‍വകലാശാലയുടെ ശിലാസ്ഥാപന കര്‍മവും നിര്‍വഹിച്ചു. 

അലിഗഢിനും ഉത്തര്‍പ്രദേശിനും മഹത്തായ ഒരു ദിനമാണ് ഇത്. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിരന്തരം പ്രവര്‍ത്തിക്കുകയാണ്. രാജ്യമെമ്പാടുമുള്ള നിക്ഷേപകര്‍ക്കും ആകര്‍ഷകമായ ഒരു സ്ഥലമായി ഉത്തര്‍പ്രദേശ് മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Content Highlights: India on path to become major defence exporter: PM Modi in Aligarh