Tejas Light Combat Aircraft | Photo: Manjunath Kiran / AFP
ന്യൂഡല്‍ഹി: മലേഷ്യക്ക് 18 തേജസ് വിമാനങ്ങള്‍ വില്‍ക്കുമെന്ന് പ്രതിരോധ മന്ത്രാലയം. മലേഷ്യക്ക് പുറമേ അര്‍ജന്റീന, ഓസ്ട്രേലിയ, ഈജിപ്ത്, യുഎസ്എ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളും തേജസ് വിമാനങ്ങങ്ങളില് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. 18 ജെറ്റുകള്‍ വാങ്ങാനുള്ള റോയല്‍ മലേഷ്യന്‍ എയര്‍ഫോഴ്സിന്റെ താല്പര്യത്തോട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് പ്രതികരിച്ചതായി പ്രതിരോധ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു.
അര്‍ജന്റീന, ഓസ്ട്രേലിയ, ഈജിപ്ത്, യുഎസ്എ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവയാണ് വിമാനത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച മറ്റ് രാജ്യങ്ങളെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പാര്‍ലമെന്റ് അംഗങ്ങളോട് രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞു. ഒരു സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റ് (stealth fighter jet) നിര്‍മിക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അതിന്റെ സമയക്രമം വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെറുയുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള മലേഷ്യയുടെ പദ്ധതിയില്‍ ഇന്ത്യയുടെ 'തേജസി'ന് മുഖ്യ പരിഗണനയുണ്ടെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ലോകത്തെ മുന്‍നിര വിമാനനിര്മാതാക്കളെ പിന്തള്ളിയാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്.എ.എല്‍.) തേജസ് യുദ്ധവിമാനത്തിന് മലേഷ്യയുടെ പ്രഥമപരിഗണന ലഭിച്ചതെന്ന് കമ്പനിയുടെ ചെയര്മാന് പറഞ്ഞിരുന്നു.
പഴക്കമേറിയ യുദ്ധവിമാനങ്ങങ്ങള്ക്കു പകരം പുതിയവ വാങ്ങാന്‍ മലേഷ്യ കമ്പനികളെ ക്ഷണിച്ചിരുന്നു. അതില്‍ തേജസിനുപുറമേ റഷ്യയുടെ മിഗ്-35, യാക്-130, ചൈനയുടെ ജെ.എഫ്.-17, തെക്കന്‍ കൊറിയയുടെ എഫ്.എ.-50 എന്നിവയാണ് താത്പര്യം പ്രകടിപ്പിച്ചത്. മലേഷ്യയുടെ പക്കലുള്ള റഷ്യന്‍ എസ്.യു.-30 യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമുള്ള സൗകര്യമൊരുക്കാമെന്നും ഇന്ത്യ വാഗ്ദാനംചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..