ന്യൂഡല്‍ഹി: ഇന്ത്യ പാരീസ് ഉടമ്പടിയിലെ നിബന്ധനകള്‍ പാലിക്കുന്നുവെന്ന് മാത്രമല്ല അതിനപ്പുറവും ചെയ്യുന്നുണ്ടെന്ന് ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നത്. എല്‍ഇഡി വിളക്കുകള്‍ ജനപ്രിയമാക്കിയതിലൂടെ പ്രതിവര്‍ഷം 38 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഒഴിവാക്കാന്‍ കഴിഞ്ഞു. 

80 മില്യണ്‍ (എട്ട് കോടി) കുടുംബങ്ങള്‍ക്ക് പുകയില്ലാത്ത അടുപ്പുകള്‍ നല്‍കി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സമഗ്രമായ നടപടികളാണ് വേണ്ടത്. പരിസ്ഥിതിയുമായി ഇണങ്ങിയുള്ള പരമ്പരാഗത ജീവിത ശൈലിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം. ഇന്ത്യയില്‍ കാലാവസ്ഥയ്ക്ക് ഇണങ്ങിയതും കാര്‍ബണം ബഹിര്‍ഗമനം കുറവുള്ളതുമായ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗം അവസാനിപ്പിക്കുന്നതിനും വനവിസ്തൃതി വര്‍ധിപ്പിക്കുന്നതിനുമുള്ള പല നടപടികളും ഇന്ത്യ സ്വീകരിക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച ഗവേഷണവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള മികച്ച സമയമാണിത്. സഹകരണ മനോഭാവത്തോടെ ഈ രംഗത്ത് മുന്നേറാന്‍ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlights: India not only meeting Paris Agreement targets, but exceeding them’: PM Narendra Modi