ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തിന് ഇന്ത്യ ചരിത്രപരമായി ഉത്തരവാദികളല്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. എന്നാല്‍ ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയില്‍ മലിനീകരണം കുറയ്ക്കുന്നതിന് ഇന്ത്യ നടപടികള്‍ സ്വീകരിക്കുന്നുവെന്നും പാരിസ് കാലാവസ്ഥാ ഉടമ്പടിയുടെ അഞ്ചാം വര്‍ഷത്തിന്റെ തലേന്ന് ജാവഡേക്കര്‍ പറഞ്ഞു.

'കാലാവസ്ഥാ വ്യതിയാനം ഒറ്റ രാത്രികൊണ്ടുണ്ടായ പ്രതിഭാസമല്ല. അതിന് കഴിഞ്ഞ 100 വര്‍ഷമെടുത്തു. ആഗോള ബഹിര്‍ഗമനത്തിന്റെ 25 ശതമാനം സംഭാവന ചെയ്യുന്നത് അമേരിക്കയാണ്. യൂറോപ്പ് 22 ശതമാനവും ചൈന 13 ശതമാനവും പുറംതള്ളുമ്പോള്‍ ഇന്ത്യയുടെ വിഹിതം  മൂന്ന് ശതമാനം മാത്രമാണ്. ഈ കാലാവസ്ഥാ വ്യതിയാനത്തിന് നമ്മൾ ഒരു തരത്തിലും ഉത്തരവാദികളല്ല.'- പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

നിലവില്‍ ആഗോള ബഹിര്‍ഗമനത്തിന്റെ 6.8 ശതമാനം മാത്രമാണ് ഇന്ത്യ സംഭാവന ചെയ്യുന്നത്. ഇന്ത്യയുടെ പ്രതിശീര്‍ഷ ആളോഹരി ബഹിര്‍ഗമനം 1.9 ടണ്‍ മാത്രമാണ്. ആഗോള ബഹിര്‍ഗമനത്തിന്റെ 13.5 ശതമാനവും അമേരിക്കയുടെ സംഭാവനയാണ്. ചൈന 30 ശതമാനവും യുകെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ 8.7 ശതമാനവും സംഭാവന ചെയ്യുന്നുവെന്നും മന്ത്രാലയം അറിയിച്ചു.

Content Highlights: India not historically responsible for climate change: Javadekar