രാജ്നാഥ് സിങ് ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുന്നു | Photo : ANI
ഇറ്റാനഗര്‍: അതിര്ത്തിപ്രദേശത്തുണ്ടാകുന്ന ഏതുവിധത്തിലുള്ള പ്രകോപനത്തേയും ചെറുക്കാന്‍ ഇന്ത്യന്‍സേന പ്രാപ്തമാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്. യുദ്ധത്തെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്ന രാജ്യമല്ല ഇന്ത്യയെന്നും അയല്‍രാജ്യങ്ങളുമായി സൗഹാര്‍ദപരമായ ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു. അരുണാചല്‍ പ്രദേശിലെ ബോലെംഗില് ബോഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമല്ല ഇന്ത്യ, അയല്‍രാജ്യങ്ങളുമായി സൗഹാര്‍ദപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്... ഭഗവാന് രാമനില്‍ നിന്നും ഭഗവാന് ബുദ്ധന്റെ ഉപദേശങ്ങളില്‍ നിന്നും പൈതൃകമായി ലഭിച്ച നമ്മുടെ തത്വശാസ്ത്രമാണിത്. പ്രകോപനപരമായ ഏതു സാഹചര്യത്തേയും നേരിടാനുള്ള എല്ലാവിധ കഴിവും ഈ രാജ്യത്തിനുണ്ട്", രാജ്നാഥ് സിങ് പറഞ്ഞു.
അതിര്‍ത്തിമേഖലകള്‍ കൂടുതല്‍ ശക്തമാക്കാന്‍ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രദേശവാസികള്‍ക്ക് യാത്ര ലഘൂകരിക്കുക മാത്രമല്ല സൈന്യത്തിന്റേയും വലിപ്പമേറിയ സൈനിക ഉപകരണങ്ങളുടേയും യന്ത്രവത്കൃത വാഹനങ്ങളുടേയും നീക്കം വേഗത്തിലാക്കാനും പുതിയ പാലം സൗകര്യപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
724.3 കോടി രൂപയുടെ 28 പദ്ധതികളാണ് ബിആര്‍ഒ ഇപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. അതിലൊന്നാണ് ബോലെംഗിലെ പാലം. മറ്റ് 27 പദ്ധതികളുടെ ഉദ്ഘാടനവും രാജ്നാഥ് സിങ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇവയില്‍ എട്ടെണ്ണം ലഡാക്കിലും നാലെണ്ണം ജമ്മു കശ്മീരിലും അഞ്ചെണ്ണം അരുണാചല്‍ പ്രദേശിലും മൂന്നെണ്ണം വീതം സിക്കിം, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലും രണ്ടെണ്ണം രാജസ്ഥാനിലുമാണ് നിര്‍മാണം പൂര്‍ത്തിയായത്. കേന്ദ്രസര്‍ക്കാരും ബിആര്‍ഒയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതികള്‍ സായുധസേനകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും വിദൂരമേഖലകളുടെ സാമൂഹിക-സാമ്പത്തിക വികസനം ഉറപ്പാക്കുന്നതിനുമുള്ള നാഴികക്കല്ലുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"നിരവധി ഏറ്റുമുട്ടലുകള്‍ക്കാണ് ലോകമിന്ന് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യ എല്ലായ്പോഴും യുദ്ധത്തിന് എതിരാണ്. അതാണ് ഇന്ത്യയുടെ നയം. ഈ യുഗം യുദ്ധത്തിന്റേതല്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകശ്രദ്ധ നേടിയിരുന്നു. നാം യുദ്ധത്തില്‍ വിശ്വസിക്കുന്നില്ല. പക്ഷെ നിര്‍ബന്ധിതരാവുകയാണെങ്കില്‍ ഞങ്ങള്‍ പൊരുതും. എല്ലാ ഭീഷണികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കുന്നു. നമ്മുടെ സൈന്യം എപ്പോഴും തയ്യാറാണ്. ബിആര്‍ഒ സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു", രാജ്നാഥ് സിങ് പറഞ്ഞു.
Content Highlights: India Never Encourages War Says Rajnath Singh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..