ഡൽഹിയിൽ പിടിയിലായ ഭീകരരെ ചോദ്യം ചെയ്യാനായി കൊണ്ടുപോകുന്നു | ചിത്രം: ANI
മുംബൈ: ഡല്‍ഹിയില്‍ പിടിയിലായ ഭീകരന് ജാന്‍ മുഹമ്മദുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വല്‍സെ പാട്ടീല്‍. വന്‍ സ്ഫോടന പദ്ധതികളാണ് ഭീകരര്‍ ആസൂത്രണം ചെയ്തിരുന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നവരാത്രി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചാണ് വന്‍ സ്ഫോടനങ്ങള്‍ക്ക് ഭീകരര്‍ പദ്ധതിയിട്ടത്. ഇതേത്തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും.
മുംബൈ ലോക്കല്‍ ട്രെയിനില്‍ ബോംബ് വെക്കാനും ഇവര്‍ പദ്ധതി ആവിഷ്കരിച്ചിരുന്നെന്നാണ് ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരം. ഭീകരനായ ജാന്‍ മുഹമ്മദിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പാട്ടീല്‍, എ.ടി.എസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ, പിടിയിലായ ഭീകരന് ജാന്‍ മുഹമ്മദുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ഉറപ്പ് നല്കി.
ഇന്നലെ ഡല്‍ഹി, രാജസ്ഥാന്, ഹരിയാണ എന്നിവിടങ്ങളില്‍നിന്നാണ് ആറു ഭീകരരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇതിലെ മുഖ്യകണ്ണി എന്ന് സംശയിക്കുന്ന, ധാരാവിയില്‍ താമസിക്കുന്ന ജാന്‍ മുഹമ്മദ് ഷെയ്ഖ് എന്നയാളുടെ ഏജന്റിനെ ധാരാവി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തനിക്ക് ജാന്‍ മുഹമ്മദുമായി യാതൊരു ബന്ധവുമില്ലെന്നും ഉത്തര്‍ പ്രദേശിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തുകൊടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഏജന്റ് പോലീസിനോടു പറഞ്ഞു. ഇപ്പോള്‍ പിടികൂടിയ ആറുപേര്‍ കൂടാതെ പതിനഞ്ചോളം ബംഗ്ലാദേശ് സ്വദേശികള്‍ പാകിസ്താനില്‍ പരിശീലനം നേടിയിട്ടുണ്ടെന്നും എ.ടി.എസ്. വ്യക്തമാക്കി.
Content highlights: India neutralised a big threat to national security; ATS to investigate jan muhammed thoroughly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..