ന്യൂഡൽഹി: ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇതിനായി രാജ്യം ബദൽ സംവിധാനം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വൈഷ് ഫെഡറേഷൻ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ 8 ലക്ഷം കോടിയുടെ പെട്രോളും ഡീസലുമാണ്‌ ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. നിലവിലെ ഉപയോഗം തുടർന്നാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 25 ലക്ഷം കോടിയായി ഉയരും. ഡീസലും പെട്രോളും പരിസ്ഥിതിക്ക് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

പെട്രോൾ, ഡീസൽ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് ഡൽഹിയിലെ ജനങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ചു കൊണ്ടു വരാൻ വേണ്ടി എഥനോൾ, മറ്റു  ഇന്ധനങ്ങൾ ഉപയോഗിച്ച് ഓടിക്കാൻ പറ്റുന്ന വാഹനങ്ങൾ നിർമ്മിക്കാൻ വേണ്ടി താൽപ്പര്യം കാണിക്കണമെന്ന് നിക്ഷേപകരോട് അഭ്യർത്ഥിച്ചു. വളരെ വേഗത്തിൽ തന്നെ പൊതു ഗതാഗതങ്ങൾ ഇന്ധനങ്ങൾക്ക് പകരം ബദൽ സംവിധാനങ്ങൾ നടപ്പിലാക്കും. ഇലക്ട്രിക് വാഹനങ്ങളിൽ ലിഥിയം - അയൺ ബാറ്ററികളായിരിക്കും ഉപയോഗിക്കുക. 80 ശതമാനവും ലിഥിയം - അയൺ ബാറ്ററികൾ ഉത്പാദിപ്പിക്കുന്നത് അമേരിക്കയിലാണ്. എന്നാൽ അടുത്ത ആറ് മാസത്തിനുള്ളിൽ 100 ശതമാനവും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: India needs to reduce dependence on import of crude oil - Nitin Gadkari