ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

ഇന്ത്യക്ക് ആവശ്യം വേഗത്തിലുള്ളതും സമ്പൂര്‍ണവുമായ വാക്‌സിനേഷനാണ്. അല്ലാതെ മോദി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം കൊണ്ട് രൂപപ്പെട്ട വാക്‌സിന്‍ ക്ഷാമത്തെ മറയ്ക്കാനുള്ള ബി.ജെ.പിയുടെ പതിവുനുണകളും താളാത്മക മുദ്രാവാക്യങ്ങളുമല്ല- രാഹുല്‍ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ വ്യാജപ്രതിച്ഛായ സംരക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വൈറസ് വ്യാപനം സുഗമമാക്കുകയും ജനങ്ങളുടെ ജീവന് വിലയില്ലാതാക്കുകയുമാണ് ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു. 

കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള ഇരട്ടിയാക്കി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം, ശാസ്ത്രസംഘത്തിന്റെ യോജിപ്പോടെയുള്ളതല്ലെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും രാഹുല്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

content highlights: india needs quick and complete vaccination: rahul gandhi slams centre