ന്യൂഡല്‍ഹി: ഇന്ത്യയെന്നാല്‍ രാജ്യമോ ഭൂപ്രദേശമോ എന്നതിനെക്കാള്‍ വളരെ വിശാലമായ ഒന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തെക്കുറിച്ച് അറിയുന്നവര്‍ക്ക് അത് മനസിലാകുമെന്ന് സ്വാമി വിവേകാനനന്ദന്‍ തുടങ്ങിയ 'പ്രബുദ്ധ ഭാരത' എന്ന പ്രസിദ്ധീകരണത്തിന്റെ 125-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ആത്മാവ് എന്തെന്ന് വ്യക്തമാക്കാനാണ് സ്വാമി വിവേകാനന്ദന്‍ പ്രസിദ്ധീകരണത്തിന് 'പ്രബുദ്ധ ഭാരത' എന്ന പേര് നല്‍കിയത്. ഉദ്ബുദ്ധമായ ഇന്ത്യയെ സൃഷ്ടിക്കാനാണ് സ്വാമി വിവേകാനന്ദന്‍ ആഗ്രഹിച്ചത്. ഭാരതത്തെ മനസിലാക്കിയിട്ടുള്ളവര്‍ക്ക് ഇന്ത്യ എന്നത് ഒരു രാജ്യമോ ഭൂപ്രദേശമോ എന്നതിനെക്കാള്‍ വിശാലമായ ഒന്നാണെന്ന് വ്യക്തമാകും.

നൂറ്റാണ്ടുകളായി ജനങ്ങള്‍ ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്ന സാംസ്‌കാരിക ബോധം എന്ന നിലയിലാണ് സ്വാമി വിവേകാനന്ദന്‍ ഇന്ത്യയെ കണ്ടത്. ഓരോ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന സാഹചര്യത്തിലും പ്രതികൂലമായ പ്രവചനങ്ങള്‍ പലതും വരുന്നുവെങ്കിലും ഇന്ത്യമാത്രം കൂടുതല്‍ ശക്തമായി മുന്നോട്ടു വരുന്നതാണ് കാണാന്‍ കഴിയുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉത്തരാഖണ്ഡില്‍ അദ്വൈത ആശ്രമമാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്വാമി വിവേകാനനന്ദന്‍ 1896 ല്‍ തുടങ്ങിയ മാസികയാണ് പ്രബുദ്ധ ഭാരത. സാംസ്‌കാരികവും ചരിത്രപരവും സാമൂഹ്യശാസ്ത്രപരവും മനഃശാസ്ത്രപരവുമായ ലേഖനങ്ങളാണ് മാസികയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്.

Content Highlights: India much more than just political or territorial enttiy - PM Modi