ന്യൂഡല്‍ഹി: കാരക്കോറം ചുരത്തിന് സമീപത്തേക്ക് ഇന്ത്യ വന്‍ സേനാ വിന്യാസത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനീസ് സൈന്യം നിലകൊള്ളുന്ന അക്‌സായ് ചിന്നില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഏതൊരു കടന്നുകയറ്റത്തിനും ഉചിതമായ മറുപടി നല്‍കുക എന്നതാണ് ലക്ഷ്യം. ഇതിനായി മിസൈലുകള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള ടി-90 ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, സര്‍വ ആയുധങ്ങളുമായി ഒരു ബ്രിഗേഡ് സൈനികര്‍ (40,000) എന്നിവരെയാണ് ഇന്ത്യ വിന്യസിക്കുക. ദൗലത് ബേഗ് ഓള്‍ഡിയിലേക്കാണ് ഈ വമ്പന്‍ സേനാ വിന്യാസം.

ഇന്ത്യാ- ചൈന നിയന്ത്രണ രേഖയിലെ ഇന്ത്യയുടെ അവസാനത്തെ ഔട്ട്‌പോസ്റ്റാണ് ദൗലത് ബേഗ് ഓള്‍ഡി. സമുദ്രനിരപ്പില്‍ നിന്ന് 16,000 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 

കാരക്കോറം ചുരത്തിന് സമീപമാണ് ഈ ഔട്ട് പോസ്റ്റ്. ചിപ്- ചാപ് നദി, ഗല്‍വാന്‍- ഷൈയോക് നദികള്‍ കൂടിച്ചേരുന്ന പ്രദേശം എന്നിവയ്ക്ക് സമീപമാണ് ദൗലത് ബേഗ് ഓള്‍ഡി. 

ഇന്ത്യ ഇതുവഴി നിര്‍മിച്ചിരിക്കുന്ന ദര്‍ബുക്- ഷൈയോക്- ദൗലത് ബേഗ് ഓള്‍ഡി റോഡിന്റെ ഭാഗമായ ചില പാലങ്ങള്‍ക്ക് 46 ടണ്‍ ഭാരമുള്ള ടി-90 ടാങ്കുകളെ താങ്ങാന്‍ സാധിക്കില്ല. ഗല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇവിടെക്ക് പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് നദിയിലൂടെയാണ് ഈ ടാങ്കുകളെ സൈന്യം എത്തിച്ചിരുന്നത്. ഇവിടെ ടി-90 ടാങ്കുകളുടെ ഒരു സ്‌ക്വാഡ്രണ്‍ (12 എണ്ണം) രൂപീകരിക്കുക എന്നാണ് സൈന്യത്തിന്റെ ലക്ഷ്യം. 

നിലവില്‍ കവചിത വാഹനങ്ങള്‍, ഇന്‍ഫന്‍ട്രി കോംബാറ്റ് വെഹിക്കിള്‍സ്, എം-777 ഹൊവിറ്റ്‌സറുകള്‍, 130 എം.എം. തോക്കുകള്‍ എന്നിവ ദൗലത് ബേഗ് ഓള്‍ഡിയിലുണ്ട്. പാംഗോങ് തടാകത്തിന് സമീപമുള്ള ഫിംഗര്‍ 14,15,16,17 എരിയകളില്‍ ചൈനീസ് സൈന്യം കടന്നുകയറിയ സമയത്താണ് ഈ വിന്യാസം നടത്തിയത്.  നിലവില്‍ ഇവിടെ നിന്ന് സേനകളെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. 

അതേസമയം ചൈനയുടെ നിയന്ത്രണത്തിലുള്ള അക്‌സായ് ചിന്നില്‍ വലിയ സേനാവിന്യാസം ചൈനീസ് സൈന്യം നടത്തിയിട്ടുണ്ട്. ടാങ്കുകള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, മിസൈലുകള്‍ എന്നിവ ചൈന അവിടെ വിന്യസിച്ചിട്ടുണ്ട്. 50,000 സൈനികരോളം ഇവിടെ ഉണ്ടെന്നാണ് വിവരങ്ങള്‍. 

ഷക്‌സ്ഗം താഴ്‌വരയിലൂടെ 36 കിലോമീറ്റര്‍ റോഡ് ചൈന നിര്‍മിച്ചിട്ടുണ്ട്. ടിബറ്റിനെയും സിന്‍ജിയാങ്ങിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലാസ- കഷ്ഗര്‍ ഹൈവേയെ അക്‌സായ് ചിന്നിലെ  ഷക്‌സ്ഗം താഴ്‌വരയിലൂടെയുള്ള പാതയുമായി ബന്ധിപ്പിച്ചാല്‍ ചൈനയ്ക്ക് കാരക്കോറം ചുരത്തിലേക്ക് വളരെ എളുപ്പത്തില്‍ എത്താന്‍ സാധിക്കും. ഈയൊരു സുരക്ഷാ ഭീഷണി ഇന്ത്യ മുന്നില്‍ കാണുന്നുണ്ട്. 

അത് ദൗലത് ബേഗ് ഓള്‍ഡിക്ക് ഭീഷണിയാകും. ഇതിനുമുമ്പ് ഇവിടെ പ്രതിരോധം ശക്തിപ്പെടുത്തുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. ചൈനീസ് പദ്ധതി വിജയിച്ചാല്‍ 1999ലെ കാര്‍ഗില്‍ സമയത്ത് പാകിസ്താന്‍ നടത്തിയ നീക്കത്തിന് സമാനമാകും അത്. 

1999ലെ നിയന്ത്രണരേഖ മറികടന്നെത്തിയ പാക് സൈന്യം ശ്രീനഗര്‍-കാര്‍ഗില്‍ ഹൈവെയിലേക്ക് ആക്രമണം നടത്താന്‍ തക്ക പൊസിഷനുകള്‍ കൈവശപ്പെടുത്തിയിരുന്നു. തിരിച്ചടിക്ക് ഇന്ത്യന്‍ സൈന്യം എത്തുന്നത് തടയാന്‍ ഈ നീക്കത്തിനാകുമായിരുന്നു. അന്ന് പ്രധാനപാത ഒഴിവാക്കി ദുര്‍ഘടമായ മലനിരയിലൂടെ ആയുധങ്ങളും വഹിച്ച് നടന്നാണ് സൈന്യം അവിടെ എത്തിയത്.  

21 വര്‍ഷങ്ങള്‍ക്കിപ്പുറം ദൗലത് ബേഗ് ഓള്‍ഡിയെ ദുര്‍ബലപ്പെടുത്തുന്ന നീക്കമാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. 

മേല്‍ സൂചിപ്പിച്ചതുപോലെ ചൈനയ്ക്ക് റോഡ് നിര്‍മിക്കണമെങ്കില്‍ കാലങ്ങള്‍ വേണ്ടിവരും. മലകള്‍ തുരന്ന് തുരങ്കപാതകള്‍ നിര്‍മിച്ച് വേണം പാത യാഥാര്‍ഥ്യമാക്കാന്‍. ഇതിനാവശ്യമായ സാങ്കേതിക വൈദഗ്ധ്യവും പണവും ചൈനയ്ക്കുണ്ട്. റോഡ് പൂര്‍ത്തിയായാല്‍ ഭാവിയില്‍ സംഘര്‍മുണ്ടായാല്‍ ദൗലത് ബേഗ് ഓള്‍ഡിയിലേക്കുള്ള ഇന്ത്യയുടെ സേനാ വിന്യാസം തടസ്സപ്പെടും. അവിടെയുള്ള സൈന്യത്തിന് ആയുധമടക്കമെത്തിക്കാനും സാധിക്കാതെ വരും. 

Content Highlights: India moves squadron of missile-firing T-90 tanks to last outpost near Karakoram Pass