ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ രോഗവ്യാപനം രൂക്ഷമാണ്. രണ്ട് ലക്ഷത്തിന് മുകളില്‍ പുതിയ രോഗികളും ആയിരത്തിന് മുകളില്‍ മരണങ്ങളുമാണ് നിലവില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ രാജ്യത്തെ പ്രതിദിന കോവിഡ് മരണങ്ങള്‍ 1,750 വരെ ആയേക്കാമെന്നും ജൂണ്‍ ആദ്യ വാരത്തോടെ ഇത് ഏകദേശം 2,320 ആയി ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട്. ഇന്ത്യാ ടാസ്‌ക് ഫോഴ്സ് അംഗങ്ങളുടെ ലാന്‍സെറ്റ് കോവിഡ് കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 

മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെയാകും കോവിഡ് ഏറ്റവും രൂക്ഷമായി ബാധിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡിന്റെ രംണ്ടാം തരംഗത്തിന്റെ പ്രധാന കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ട് രോഗ വ്യാപനം കുറയ്ക്കാന്‍ സഹായിക്കുന്ന നടപടികളും ശുപാര്‍ശ ചെയ്യുന്നു. 

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ സാരമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. പുതിയ പ്രതിദിന രോഗികളുടെ എണ്ണം ഈ വര്‍ഷം ഫെബ്രുവരി ആദ്യവാരത്തിലെ 11,794-ല്‍ നിന്ന് ഏപ്രില്‍ 10 എത്തുമ്പോള്‍ 152,565 ആയി ഉയര്‍ന്നു. പ്രതിദിന മരണനിരക്കിലും വലിയ വര്‍ധനവാണുള്ളത്. ഫെബ്രുവരി ആദ്യ ആഴ്ചയിലെ 116-ല്‍ നിന്ന് ഏപ്രില്‍ 10 എത്തുമ്പോള്‍ ഇത് 838 ആയി ഉയര്‍ന്നു. 

രണ്ടാമത്തെ തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 80,000 കടക്കാന്‍ 40 ദിവസത്തില്‍ താഴെ സമയമെടുത്തുള്ളുയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരിയിലെ 10,000 പ്രതിദിന രോഗികളില്‍ നിന്ന് ഏപ്രിലില്‍ എത്തുമ്പോള്‍ 80,000 പുതിയ കേസുകളിലേക്ക് എത്തി. കഴിഞ്ഞ സെപ്റ്റംബറില്‍ ഇതിന് 83 ദിവസമെടുത്തിരുന്നു. പല രോഗികളും രോഗലക്ഷണമില്ലത്തവരോ, നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവരോ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: India may see 2,320 daily Covid-19 deaths by first week of June in second wave: report