
മുംബൈയിലെ കോവിഡ് പരിശോധനാലാബിൽ സാംപിളുകൾ അടുക്കി വെച്ചിരിക്കുന്നു | Photo: Indranil Mukherjee | AFP
ന്യൂഡല്‍ഹി: കോവിഡ്-19 ന്റെ മൂര്‍ധന്യാവസ്ഥ സെപ്റ്റംബറില്‍ തന്നെ ഇന്ത്യ പിന്നിട്ടിരിക്കാന് സാധ്യതയുണ്ടെന്ന് കേന്ദ്രധനമന്ത്രാലയം. ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി കുറവ് രേഖപ്പെടുത്തിയതിനാലാണ് ഇത്തരമൊരു സാധ്യതയെന്ന് മന്ത്രാലയം ഞായറാഴ്ച വ്യക്തമാക്കി.
പോസിറ്റീവ് നിരക്ക് കുറയുന്നുണ്ടെങ്കിലും കോവിഡ് പൂര്‍ണമായും മാറിയിട്ടില്ലെന്ന മുന്നറിയിപ്പിനോടൊപ്പം നിയന്ത്രണങ്ങളില്‍ ഇളവ് വരുമെന്നും പ്രതിസന്ധി മറികടക്കാന്‍ സഹായകമായ രീതിയില്‍ സാമ്പത്തിക പ്രക്രിയകള്‍ ഉത്തേജിപ്പിക്കപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു. സാമൂഹികാകലം പാലിക്കുന്നത് തുടരണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
സെപ്റ്റംബര്‍ 17 മുതല്‍ 30 വരെയുള്ള 14 ദിവസത്തെ കാലയളവില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 93,000 ല്‍ നിന്ന് 83,000 ആയി കുറഞ്ഞതായും കോവിഡ് പരിശോധനാ കണക്ക് 1,15,000 ല്‍ നിന്ന് 1,24,000 ആയി വര്‍ധിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
24 മണിക്കൂറിനിടെ 74,442 പുതിയ കേസുകളോടു കൂടി ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം തിങ്കളാഴ്ച 66 ലക്ഷമായി. 903 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ രോഗികള്‍ 66,23,816 ആണ്. ഇതില്‍ നിലവില്‍ 9,34,427 രോഗികളുണ്ട്. ഇതുവരെ 1,02,685 പേരുടെ മരണം കേന്ദ്രആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശമനുസരിച്ച് ഇന്ത്യയില്‍ കോവിഡ് പരിശോധന ഞായറാഴ്ച ആറ് മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്. .
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ദേശീയ നിരക്കിനേക്കാള്‍ മെച്ചപ്പെട്ട നിരക്കാണ് നിലവില്‍ രേഖപ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു. ലോകത്തില്‍ തന്നെ ദിനംപ്രതി ഏറ്റവുമധികം കോവിഡ് പരിശോധന നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും പരിശോധന വര്‍ധിപ്പിച്ചത് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സഹായിച്ചതായും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. സര്‍ക്കാര്‍-സ്വകാര്യമേഖലകളില്‍ പരിശോധനാലാബുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായതായി സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: India May Have Crossed Covid-19 Peak in September Says Finance Ministry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..