ന്യൂഡല്‍ഹി: അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ഇറാനില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി ഇന്ത്യ പൂര്‍ണമായും നിര്‍ത്തിയേക്കുമെന്ന് സൂചന. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. നവംബര്‍ മുതല്‍ ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ നിര്‍ത്തിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം എന്നിവ ഒക്ടോബര്‍ വരെയുള്ള ഓര്‍ഡറുകളാണ് ഇറാന്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ളത്. നവംബര്‍ മാസത്തേക്ക് യാതൊരു അന്വേഷണങ്ങളും ഇന്ത്യന്‍ കമ്പനികള്‍ ഇറാനിലേക്ക് നടത്തിയിട്ടില്ല. ഇതാണ് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കമതി ഇന്ത്യ നിര്‍ത്തിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആധാരം.

ഇറാനില്‍ നിന്ന് ഏറ്റവുംകൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇറാനില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ താത്കാലികമായെങ്കിലും നിര്‍ത്തിവച്ചാല്‍ ഇറാന് വലിയ തിരിച്ചടിയുണ്ടാക്കും. ദക്ഷിണ കൊറിയ, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇറാനില്‍ നിന്ന് 577,000 ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇക്കൊല്ലം ഇറക്കുമതി ചെയ്തിരിക്കുന്നത്. മധ്യേഷന്‍ രാജ്യങ്ങളുടെ ആകെ ഉത്പാദനത്തിന്റെ 27 ശതമാനം വരുമിത്. 

നവംബറോടെ ഇറാനെതിരെയുള്ള അമേരിക്കന്‍ ഉപരോധം നിലവില്‍ വരും. അതേസമയം ഇറാന്‍ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഉപരോധം തടസമാകുന്നതോടെ മറ്റ് രാജ്യങ്ങള്‍ക്ക് ഒപെക് രാജ്യങ്ങളെ ആശ്രയിക്കേണ്ടതായി വരും. ഇത് ആഗോളവിപണിയില്‍ എണ്ണവില കുത്തനെ ഉയരാന്‍ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വിപണിയിലെത്താതിരിക്കുന്ന സാഹചര്യമുണ്ടായാല്‍ ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്കെത്തുമെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ വില ഉയരുന്നത് പിടിച്ചുനിര്‍ത്താന്‍ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കണമെന്നുള്ള അമേരിക്കയുടെ ആവശ്യം ഒപെക് തള്ളിക്കളഞ്ഞിട്ടുണ്ട്.

ഇന്ത്യയും ചൈനയുമാണ് ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങള്‍. ക്രൂഡ് ഓയില്‍ ഇറക്കുമതി വെട്ടിക്കുറയ്ക്കണമെന്ന അമേരിക്കന്‍ ആവശ്യം രണ്ട് രാജ്യങ്ങളും മുമ്പ് തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യ നിലപാട് മാറ്റില്ലെന്നാണ് ഇറാന്‍ പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ഡോളറിനെ ഒഴിവാക്കി രൂപയില്‍ വിനിമയം നടത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ വ്യക്തത വന്നിട്ടില്ല.