ന്യൂഡല്‍ഹി:ഇന്ത്യയിലെ എണ്ണ സംഭരണികൾ എല്ലാം നിറഞ്ഞിരിക്കുന്നതിനാല്‍ യുഎസ്സില്‍ സജ്ജമാക്കിയിരിക്കുന്ന സംഭരണികളിൽ എണ്ണ ശേഖരിക്കാൻ ഇന്ത്യ ശ്രമിക്കുന്നുവെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.
ഓസ്ട്രേലിയയുടെ നീക്കത്തിന് സമാനമാണ് ഇന്ത്യയുടെ പദ്ധതി. കുറഞ്ഞ എണ്ണവില പ്രയോജനപ്പെടുത്തുന്നതിനായി യുഎസ് സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വില്‍ സംഭരിക്കാന്‍ ക്രൂഡ് വാങ്ങി അടിയന്തര എണ്ണ ശേഖരം ഉണ്ടാക്കുമെന്ന് ഓസ്‌ട്രേലിയ കഴിഞ്ഞമാസം പറഞ്ഞിരുന്നു. ഈ ചുവടുപിടിച്ചാണ് ഇന്ത്യയുടെ നീക്കം
''ഞങ്ങളുടെ എണ്ണ നിക്ഷേപങ്ങളിൽ ചിലത് മറ്റൊരു രാജ്യത്ത് തുടങ്ങാൻ കഴിയുമോ എന്ന സാധ്യതകള്‍ പരിശോധിക്കുകയാണ്. കുറഞ്ഞ വിലയില്‍ യുഎസ്സില്‍ എണ്ണ സംഭരിക്കാന്‍ കഴിയുമോ എന്നും അന്വേഷിക്കുന്നുണ്ട്,'' പ്രധാന്‍ പറഞ്ഞു.
40 ശതമാനത്തിലധികമാണ് എണ്ണവിലയില്‍ ഇതുവരെ ഇടിവുണ്ടായത്.എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്ഥിതിയില്‍ മാറ്റമുണ്ടായി. പെട്രോളിയം എക്സ്പോര്‍ട്ടിംഗ് രാജ്യങ്ങളുടെ സംഘടനയും (ഒപെക്) സഖ്യകക്ഷികളും വിതരണം കുറയ്ക്കുന്നതിനുള്ള ശ്രമം നടത്തിയതിന്റെ ഭാഗമായാണ് വ്യത്യാസമുണ്ടായത്.
ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവും ഇറക്കുമതിചെയ്യുന്ന രാജ്യവുമാണ് ഇന്ത്യ. ഇതിനകം തന്നെ 53.3 ലക്ഷം ടണ്‍ തന്ത്രപരമായി ഇന്ത്യ സംഭരിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രധാനമായും ഗള്‍ഫില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കപ്പലുകളിലായി 85-90 ലക്ഷം ടണ്‍ വരെ എണ്ണ ഇന്ത്യ സംഭരിച്ചിട്ടുണ്ടെന്നും പ്രധാന്‍ പറഞ്ഞു.
ഇന്ത്യന്‍ റിഫൈനര്‍മാരും തങ്ങളുടെ വാണിജ്യ ടാങ്കുകളിലും പൈപ്പ്‌ലൈനുകളിലും എണ്ണയും സംഭരിച്ചു വെച്ചിട്ടുണ്ട്.
അതേസമയം സംഭരിച്ച എണ്ണയും ഉത്പന്നങ്ങളും ഇന്ത്യയുടെ വാര്‍ഷിക ആവശ്യത്തിന്റെ 20% മാത്രമേ വരൂവെന്നും പ്രധാന്‍ പറഞ്ഞു. എണ്ണയുടെ 80 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്.
65 ലക്ഷം ടണ്ണായി സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ തന്ത്രപരമായ സംഭരണ രീതികള്‍ സര്‍ക്കാര്‍ ആലോചനയിലുണ്ട്. ഈ സൗകര്യങ്ങള്‍ ഒരുക്കാന്‍ ആഗോള നിക്ഷേപകരുടെ പങ്കാളിത്തവും ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും പ്രധാന്‍ പറഞ്ഞു.
രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍, യാത്രാ നിയന്ത്രണങ്ങള്‍ വന്നതോടെ 2007 മുതലുള്ളതില്‍ വെച്ചേറ്റവും കുറവ് ഇന്ധന ഉപഭോഗമാണ് ഇന്ത്യ ഇത്തവണ രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ഇന്ധന ആവശ്യം ഏതാണ്ട് പകുതിയായി കുറഞ്ഞു.മെയ് മാസത്തില്‍ ഇതുവരെയുള്ള പെട്രോള്‍, ഡീസല്‍ ഉപഭോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 60% -65% വരെ വ്യത്യാസമുണ്ടായിട്ടുണ്ട്. ജൂണിലെ ഇന്ധന ഉപഭോഗം 2019 ജൂണിലെ അതേ നിലവാരത്തിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
content highlights: India looks to store cheap oil in United States says Dharmendra Pradhan