ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലൂടെ ചൈനയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. ശനിയാഴ്ചയാണ് പാകിസ്താനിലെ ലാഹോറില്‍ നിന്ന് ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുക. പാക് അധീന കശ്മീരില്‍കൂടി കടന്നുപോകുന്ന ഈ പദ്ധതി പരമാധികാരത്തിനോടുള്ള വെല്ലുവിളിയാണെന്നാണ് ഇന്ത്യ പറയുന്നത്. വിഷയത്തില്‍ പാകിസ്താനെയും ചൈനയെയും ഇന്ത്യ പ്രതിഷേധം അറിയിച്ചു. 

പാക്- ചൈന സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. നിലവില്‍ സാമ്പത്തിക ഇടനാഴിക്കെതിരായ നിലപാടാണ് ഇന്ത്യയ്ക്ക്.  ബസ് സർവീസ്  കടന്നുപോകുന്ന സ്ഥലം ഇന്ത്യയുടേതാണെന്നും പാകിസ്താന്‍ അത് നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുകയാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. 

1963 ലെ പാകിസ്താന്‍- ചൈന അതിര്‍ത്തി കരാര്‍ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ പാക് അധീന കശ്മീര്‍ വഴിയുള്ള ബസ് സര്‍വീസ് ഇന്ത്യയുടെ പരമാധികാരത്തിനെതിരാണെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പാകിസ്താനും ചൈനയും തമ്മില്‍ അതിര്‍ത്തി ഒരിക്കലും പങ്കിടുന്നില്ല. ഇന്ത്യ- അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളാണ് പാകിസ്താന്‍ കൈവശപ്പെടുത്തിയിരിക്കുന്നതെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.