മുംബൈ: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ഐഐടി കാണ്‍പൂരിലെ വിദഗ്ധന്‍. മൂന്നാം തരംഗത്തില്‍ രാജ്യത്ത് പ്രതിദിനം ഒന്ന് മുതല്‍ ഒന്നര ലക്ഷംവരെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടേക്കാം. മൂന്നാം തരംഗം ഫെബ്രുവരിയോടെ ഉണ്ടായേക്കാമെന്നും ഇതിന് രണ്ടാം തരംഗത്തെക്കാള്‍ തീവ്രത കുറവായിരിക്കുമെന്നാണ് നിലവിലെ വിലയിരുത്തലെന്ന് കോവിഡിന്റെ മാത്തമാറ്റിക്കല്‍ പ്രോജക്ഷനില്‍ പങ്കാളിയായ മഹീന്ദ്ര അഗര്‍വാള്‍ പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഡെല്‍റ്റ വകഭേദത്തോളം മാരകമായിരിക്കില്ല ഒമിക്രോണ്‍ വകഭേദമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമിക്രോണ്‍ ആദ്യം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ദക്ഷിണാഫ്രിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്ന കേസുകള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ല.

പുതിയ വകഭേദത്തിന് വ്യാപനശേഷി വളരെ കൂടുതലാണെങ്കിലും ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് മാരകമല്ലെന്ന സൂചനകളാണ് ലഭിക്കുന്നതെന്നും അഗര്‍വാള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രണ്ടാം തരംഗത്തിനിടെ രാജ്യത്ത് പ്രതിദിനം നാല് ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. മെയ് മാസത്തിലാണ് മൂന്നാം തരംഗം പാരമ്യത്തിലെത്തിയത്. ഭാഗിക ലോക്ഡൗണ്‍, രാത്രി കര്‍ഫ്യൂ, തിരക്ക് നിയന്ത്രിക്കല്‍ എന്നിവയിലൂടെ ഡെല്‍റ്റ വ്യാപനം നേരിട്ടതുപോലെ തന്നെ ഒമിക്രോണ്‍ വ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്നും അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.

രാജ്യത്ത് നിലവില്‍ 23 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര (10), രാജസ്ഥാന്‍ (ഒന്‍പത്), കര്‍ണാടക (രണ്ട്), ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഒന്നുവീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്. ബി.1.1.529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം. നിലവിലെ കൊറോണ വൈറസ് വകഭേദങ്ങളെക്കാള്‍ വ്യാപനശേഷി കൂടുതലുള്ളതാണ് ഒമിക്രോണ്‍ എന്നാണ് കരുതപ്പെടുന്നത്. നിലവിലെ കോവിഡ് വാക്സിനുകളെ ഇവ മറികടന്നേക്കുമെന്നും ശാസ്ത്രലോകം ഭയപ്പെടുന്നു.

ലോകാരോഗ്യ സംഘടനയുടെ നിഗമനം അനുസരിച്ച് ആശങ്കപ്പെടേണ്ട വകഭേദങ്ങള്‍ എന്ന വിഭാഗത്തിലാണ് ഒമിക്രോണ്‍ വകഭേദത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഡെല്‍റ്റ വകഭേദത്തെയും ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.

Content Highlights: India likely to see third wave of Coronavirus by February says experts