ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ ഇന്ത്യക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഇന്ത്യ ഒരു മുന്‍നിര വാക്‌സിന്‍ നിര്‍മാതാവാണെന്നും കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്നതില്‍ ഇന്ത്യൻ സഹകരണം ആവശ്യമാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

മുന്‍നിര വാക്‌സിന്‍ നിര്‍മാതാവെന്ന നിലയില്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്നും ബില്‍ ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. സുരക്ഷിതവും ഫലപ്രദവുമായ ഒരു വാക്‌സിന്‍ കഴിയുന്നത്ര വേഗത്തില്‍ ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങാന്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ നിന്ന് കോവിഡ് വാക്‌സിന്‍ പുറത്തിറങ്ങുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കോവിഡ് വാക്‌സിനുകള്‍ പലതും അവസാനഘട്ടത്തിലായതിനാല്‍ അടുത്ത വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇതുണ്ടാകുമെന്ന് പ്രതിക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: India likely to play key role in manufacturing of Covid-19 vaccine: Bill Gates