ന്യൂഡല്‍ഹി: രാജ്യത്തിന്റെ വ്യോമാപാതയില്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താത്കാലിക നിയന്ത്രണം പിന്‍വലിച്ചതായി ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. ഫെബ്രുവരി 27 നുണ്ടായ ബാലാകോട്ട് ആക്രമണത്തിന് ശേഷമാണ് എല്ലാ വ്യോമപാതകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഔദ്യോഗികട്വിറ്ററിലൂടെ വെള്ളിയാഴ്ചയാണ് വ്യോമസേന ഇക്കാര്യം അറിയിച്ചത്.

മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് നിര്‍ണായക തീരുമാനം ഉണ്ടായത്. പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുണ്ടായ ചാവേറാക്രമണത്തെ തുടര്‍ന്ന് ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരത്താവളത്തിന് നേരെ ഇന്ത്യ പ്രത്യാക്രമണം നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്ത്യയും പാകിസ്താനും വ്യോമാതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

യാത്രക്കാര്‍ നേരിടുന്ന ദുരിതവും നഷ്ടവും കണക്കിലെടുത്താണ് നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. അതേസമയം ഇന്ത്യന്‍ വാണിജ്യ വിമാനങ്ങള്‍ക്ക് പാക് വ്യോമാതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ ഉപരോധം ജൂണ്‍ 14 വരെ പാകിസ്താന്‍ ബുധനാഴ്ച ദീര്‍ഘിപ്പിച്ചിരുന്നു.

 

Content Highlights: India lifts airspace restrictions imposed after Balakot