ന്യൂഡല്‍ഹി:  പാക് അധീന കശ്മീലെ ചൈനീസ് സാന്നിധ്യത്തിൽ ജാഗ്രത പുലർത്തി ഇന്ത്യ. ചൈനീസ് വ്യോമസേനയുടെ ടാങ്കര്‍ വിമാനം പാക് അധീന കശ്മീരില്‍ ഇറങ്ങിയതോടെയാണ് ഇന്ത്യ ഈ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. ഇന്ത്യയുമായി ഒരു സംഘര്‍ഷമുണ്ടായാൽ പാക് അധീന കശ്മീരിലെ സ്‌കര്‍ദു വ്യോമതാവളം പാകിസ്താന്‍ ചൈനയ്ക്ക് കൈമാറാൻ ഇടയുണ്ടോ എന്നാണ് ഇന്ത്യ പരിശോധിക്കുന്നത്. 

അടുത്തിടെ സ്‌കര്‍ദു വ്യോമതാവളത്തില്‍ ചൈനീസ് ടാങ്കര്‍ വിമാനമായ ഐ.എല്‍.-78 ലാന്‍ഡ് ചെയ്തിരുന്നു. ലേയില്‍ നിന്ന് 100 കലോമീറ്റര്‍ മാത്രം അകലെയാണ് സ്കര്‍ദു വ്യോമതാവളം സ്ഥിതി ചെയ്യുന്നത്.  വിദേശരാജ്യങ്ങള്‍ക്ക് സ്വന്തം വ്യോമതാവളം ഉപയോഗിക്കാന്‍ പാകിസ്താന്‍ മുമ്പും അനുവാദം നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്താനിലെ താലിബാനെതിരായ പോരാട്ടത്തിന് പാക് സൈനിക കേന്ദ്രങ്ങള്‍ അമേരിക്ക ഉപയോഗപ്പെടുത്തിയിരുന്നു. പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധം പരിഗണിച്ച് സ്‌കര്‍ദു ചൈനയ്ക്ക് കൈമാറുമോയെന്നാണ് ഇന്ത്യയുടെ ആശങ്ക.

സിന്‍ജിയാങ് പ്രവിശ്യയിലെ ഇന്ത്യയ്ക്ക് സമീപമുള്ള പ്രദേശത്തേക്ക് ചൈന എസ്.യു-27 യുദ്ധവിമാനങ്ങളും എത്തിച്ചിട്ടുണ്ട്. സിന്‍ജിയാങ്ങിന് പുറമെ ടിബറ്റിലെ വ്യോമതാവളവും ചൈനയ്ക്ക് വലിയ ശക്തിയാണ് നല്‍കുന്നത്.  എന്നാല്‍ ഇവയെല്ലാം 4,000 അടിക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ മുഴുവന്‍ ആയുധങ്ങളും നിറയെ ഇന്ധനവുമായി അവിടെനിന്ന് യുദ്ധവിമാനങ്ങള്‍ക്ക് പറന്നുയരാന്‍ സാധിക്കില്ല. 

ഇന്ത്യയുടെ വ്യോമസേനാ താവളങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഇതിലും താഴെയാണെന്നതിനാല്‍ ഇന്ത്യയ്ക്ക് ഇവിടെ വ്യക്തമായ ആധിപത്യവുമുണ്ട്.  ഈയൊരു പ്രശ്‌നം മറകടക്കാന്‍ ചൈനയെ പാകിസ്താന്‍ സഹായിച്ചേക്കുമോയെന്നാണ് ഇപ്പോള്‍ ഇന്ത്യ ഉറ്റു നോക്കുന്നത്. 

അതേസമയം പാങ്ങോങ് തടാകത്തിന് സമീപത്ത് ചൈന എയര്‍ബേസ് വികസിപ്പിക്കുന്നുണ്ടെന്ന സാറ്റലൈറ്റ് ദൃശ്യങ്ങളും ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. തടകത്തിന് 200 കിലോമീറ്റര്‍ സമീപത്താണ് പുതിയ എയര്‍ ബേസ്. 

Content Highlights: India keeps vigilant eye on Pakistan-Occupied Kashmir as Chinese air activity increases