ന്യൂഡല്‍ഹി:  എളുപ്പത്തില്‍ വ്യവസായം തുടങ്ങാന്‍ സാധിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം. 130-ാം സ്ഥാനത്തുനിന്ന് ഇന്ത്യ 100-ാം സ്ഥാനത്തേക്ക് കുതിച്ചതായി ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി ഇക്കാര്യം അറിയിച്ചത്. മോദി സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് ഇന്ത്യയുടെ കുതിപ്പിന് പിന്നിലെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. 

2017 ഏറ്റവും കൂടുതല്‍ പ്രവര്‍ത്തന മികവു കാണിച്ച രാജ്യങ്ങളില്‍ ആദ്യ പത്തില്‍ ഇന്ത്യയ്ക്കും സ്ഥാനമുണ്ട്. ലോകബാങ്ക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യമാത്രമാണ് അടിസ്ഥാന മാറ്റങ്ങള്‍ വരുത്തിയ രാജ്യം. 2003 മുതല്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന 37 സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ പകുതിയോളം കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതിന്റെ പ്രതിഫലനമാണ് ഇന്ത്യയുടെ കുതിപ്പിന് പിന്നിലെന്ന കാര്യം റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ചരക്കുസേവന നികുതി, നിയമ പരിഷ്‌കരണങ്ങള്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍. 

ചെറുകിട വ്യവസായം തുടങ്ങുന്നതിനായി നിക്ഷേപം നടത്താന്‍ ഇന്ത്യ മികച്ചയിടമാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. വ്യവസായങ്ങള്‍ തുടങ്ങാനുള്ള വായ്പ ലഭിക്കാനുള്ള സാധ്യത ഇന്ത്യയില്‍ കൂടുതലാണ്. നികുതി അടക്കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ മുന്നേറ്റമുണ്ടായി. പാപ്പരാകുന്ന കമ്പനികള്‍ക്ക്  90 ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിയമ പരിഷ്‌കരണം ഉണ്ടായി. നോട്ട് അസാധുവാക്കല്‍ ഇന്ത്യയില്‍ നികുതി ദായകരുടെ എണ്ണം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജിഎസ്ടി നടപ്പിലാക്കിയതോടെ നാല്‍പ്പതിലധികം വരുന്ന നികുതികളെയും സെസ്സുകളെയും ലയിപ്പിച്ചതായും ഇത് നടപടിക്രമങ്ങള്‍ ലളിതമാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല പരിഷ്‌കരണങ്ങള്‍ തുടരുന്നത് ഭാവിയില്‍ ഇന്ത്യയ്ക്ക് കുതിപ്പ് നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. വ്യവസായ സൗഹൃദ രാജ്യങ്ങളില്‍ 100-ാം സ്ഥാനത്തെത്തിയതോടെ ആദ്യ 50 ല്‍ ഇന്ത്യയ്ക്ക് ഉടന്‍തന്നെ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പങ്കുവെച്ചു. 

കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലേക്കുള്ളതാണെന്ന് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് അരുണ്‍ജെയ്റ്റ്‌ലി പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ മൂലം രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടായെന്ന ആരോപണങ്ങളെ തുടര്‍ന്ന പ്രതിരോധത്തിലായ മോദി സര്‍ക്കാരിന് കൂടുതല്‍ ഊര്‍ജം നല്‍കുന്നതാണ് ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട്.