-
ന്യൂഡല്‍ഹി: രാജ്യത്ത് വലിയ വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാനുളള സാധ്യതയുണ്ടെന്ന് ഐസിഎംആര്‍. കോവിഡ് പ്രതിസന്ധി മാസങ്ങളോളം നീണ്ടുനില്‍ക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് ഐസിഎംആര് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയത്.
നഗരങ്ങളിലെ ചേരികളിലെ വൈറസ് വ്യാപനത്തിന് സാധ്യത കുടുതലാണ്. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായിരുന്നു. അതിനാല്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമാക്കണം. ഏതെങ്കിലും തരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ അത് ഗുരുതരമായ പ്രത്യഘാതങ്ങള്‍ക്ക് വഴിവെക്കും.
ഇന്ത്യ എന്നുപറയുന്നത് വളരെ വലിയ ഒരു രാജ്യമാണ്. എന്നാല്‍ രാജ്യത്തെ വൈറസ് വ്യാപനം കുറവാണ്. ഇന്ത്യയില്‍ ഇതുവരെ സാമൂഹവ്യാപനം ഉണ്ടായിട്ടില്ല. ജനസംഖ്യ അനുസരിച്ച് ലോകത്ത് ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഇന്ത്യയിലാണെന്നും ഐസിഎംആര്‍ പറഞ്ഞു.
രാജ്യത്ത് രോഗമുക്തരാകുന്നവര്‍ 49.21 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.രോഗമുക്തി നേടിയവരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ കുറവാണ്.
സംസ്ഥാനങ്ങള്‍ നല്‍കുന്ന ഡേറ്റയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം രോഗികളുടെ എണ്ണവും മരണനിരക്കും സംബന്ധിച്ച ഡേറ്റ തയ്യാറാക്കുന്നത്. മരണനിരക്ക് കണക്കാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടോ മൂന്നോ ദിനം എടുക്കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ കണക്കുകളിലും അതുസംബന്ധിച്ച വ്യതിയാനങ്ങള്‍ ഉണ്ടാകും.
ഡല്‍ഹിയിലെ മരണനിരക്ക് കുറച്ചുകാണിക്കുന്നതായി ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം തയ്യാറാക്കുന്ന ഡേറ്റകളെ കുറിച്ച് സംസാരിക്കുകയായിരുന്നു ലവ് അഗര്‍വാള്‍. നിലവില്‍ കോവിഡ് രോഗികള്‍ക്കായുള്ള കിടക്കകളുടെ അഭാവം നേരിടുന്നില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കണ്ടെയ്ന്‍മെന്റ് സോണുകളുമായി ബന്ധപ്പെട്ട പഠനം സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച പഠനം തുടരുന്നു എന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.
Content Highlights: India is not in community transmission: ICMR
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..