ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോഴും യുഎസ്, ബ്രസീല്‍ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്കില്‍ പിറകിലാണ് രാജ്യം എന്നുളളത് വലിയ ആശ്വാസത്തിന് വകനല്‍കുന്നു.

24 മണിക്കൂറിനിടയില്‍ മൂന്നുലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചുകൊണ്ട് വ്യാഴാഴ്ചയാണ് പ്രതിദിനക്കേസുകളുടെ എണ്ണത്തില്‍ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാംസ്ഥാനത്തെത്തുന്നത്. വെള്ളിയാഴ്ച അത് 3,32,730 കേസുകളായി ഉയര്‍ന്നു. ഏപ്രില്‍ 21 മുതല്‍ രണ്ടായിരത്തിലധികമാണ് രാജ്യത്ത് സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് മരണങ്ങള്‍. വെള്ളിയാഴ്ച മാത്രം 2263 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ സമയത്തെ യുഎസിലെയും ബ്രസീലിലെയും മരണനിരക്കിന്റെ പകുതിയോളം മാത്രമാണ് ഇത്. 2021 ജനുവരി എട്ടിന് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്ത മരണസംഖ്യ 4298 ആയിരുന്നു. 2021 ഏപ്രില്‍ ഏഴിന് ബ്രസീല്‍ റിപ്പോര്‍ട്ട് ചെയ്തത് 4195 മരണങ്ങളും. 

1.86 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ രാജ്യത്ത് മരിച്ചത്. 1.62 കോടി പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചമുതല്‍ കോവിഡ് കേസുകളില്‍ വന്‍വര്‍ധനവ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും 2020 ഏപ്രിലിലെ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ മരണനിരക്ക് കുറവാണ്. 2020 ഏപ്രില്‍ 30ന് ഇന്ത്യയുടെ സിഎഫ്ആര്‍ (case fatality rate) 3.6 ശതമാനമായിരുന്നെങ്കില്‍ 2021 ഏപ്രില്‍ 23-ന് ഇത് 1.15 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

3.19 കോടി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച യുഎസിലെ മരണസംഖ്യ 5.70 ലക്ഷം ആണ്. കോവിഡ് ബാധ സ്ഥിരീകരിച്ചതില്‍ മൂന്നാംസ്ഥാനത്തുളള ബ്രസീലിലെ മരണസംഖ്യ 3.83 ലക്ഷവും മെക്‌സിക്കോയിലേത് 2.14 ലക്ഷവുമാണ്. 

Content Highlights:India is Reporting Fewer Deaths Than US and Brazil's Worst Phases