നരേന്ദ്രമോദി | ഫോട്ടോ : ANI
ന്യൂഡല്‍ഹി :ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ്' എന്ന് മറ്റ് രാജ്യങ്ങള്‍ വിളിക്കുന്ന ഒരു ദിവസം ഉടന്‍ വരുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയുടെ ജനാധിപത്യ ആഘോഷത്തെ പ്രശംസിച്ച പ്രധാനമന്ത്രി, അത് പവിത്രമാണെന്നും നൂറ്റാണ്ടുകളുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ഒരു ജീവിതരീതിയാണ് ജനാധിപത്യമെന്നും പറഞ്ഞു.
"ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ് പക്ഷെ നിഷേധാത്മകതയെ അങ്ങനെ കാണാനാവില്ല. അഭിപ്രായവ്യത്യാസങ്ങളെയും വൈരുധ്യങ്ങളെയും കൈകാര്യം ചെയ്യലാണ് എല്ലാ കാലത്തും ഇന്ത്യൻ ജനാധിപത്യം ചെയ്തത്". നയങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും വ്യത്യാസമുണ്ടെങ്കിലും ആത്യന്തികമായി ജനസേവയാണ് ജനാധിപത്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
"പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് തറക്കല്ലിട്ട ഈ ദിനം ചരിത്രമാണ്. നമ്മള്‍ ഈ രാജ്യത്തിലെ ജനങ്ങളെല്ലാം ഒരുമിച്ച് ചേര്‍ന്ന് ഈ കെട്ടിടം പണിയും.
130 കോടി ഇന്ത്യന്‍ പൗരന്‍മാരെ സംബന്ധിച്ച് അഭിമാന ദിനമാണിന്ന്. പഴമയും പുതുമയും ഇഴുകി ചേര്‍ന്നതാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം. കാലത്തിനും ആവശ്യത്തിനുമനുസരിച്ചുള്ള മാറ്റം ഉള്‍ക്കൊള്ളാനുള്ള ശ്രമമാണിത്. 2014ല്‍ പാര്‍ലമെന്റില്‍ എംപിയായിക്കൊണ്ട് ഞാനാദ്യം കടന്നു വന്ന നിമിഷം എനിക്കൊരിക്കലും മറക്കാന്‍ കഴിയുന്നതല്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് കാലെടുത്ത് വെക്കും മുമ്പ് ഞാന്‍ തലകുമ്പിട്ട് തൊഴുതിരുന്നു. പഴയ പാര്‍ലമെന്റ് കെട്ടിടം സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് ഒരു പുതിയ ദിശാബോധം നല്‍കി. പുതിയ കെട്ടിടം ആത്മനിര്‍ബാര്‍ ഭാരതത്തിന്റെ പ്രതീകമാണ്. പഴയ കെട്ടിടത്തില്‍, രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു. പുതിയ കെട്ടിടത്തില്‍, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കപ്പെടും, പ്രധാനമന്ത്രി പറഞ്ഞു.
64,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ തീര്‍പ്പാകുംവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍ ശിലാസ്ഥാപനച്ചടങ്ങിനും കടലാസു ജോലികള്‍ക്കും തടസ്സമില്ല.
content highlights: India is mother of democracy, says PM Narendra Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..