ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിനും താഴേക്കെത്തിയെന്ന് വിശകലനം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക വിദഗ്ദ്ധ സംഘമടക്കമാണ് ഇത്തരത്തിലുള്ള പ്രവചനം നടത്തിയിരിക്കുന്നത്. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ നൊമുറ ഹോള്‍ഡിങ്‌സും കാപിറ്റല്‍ എക്കണോമിക്‌സും സമാനമായ വിശകലനത്തിലാണ് എത്തിയിരിക്കുന്നത്.
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ വളര്‍ച്ച 4.2 മുതല്‍ 4.7 ശതമാനം വരെയാണ് ഇവര്‍ കണക്കാക്കുന്നത്. നവംബര്‍ 29-നാണ് വളര്‍ച്ച കണക്കുകള്‍ സര്‍ക്കാര്‍ പുറത്തിറക്കുക.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) ഡാറ്റക്കായുള്ള അടിസ്ഥാന വര്‍ഷം 2012 ആക്കിയതിന് ശേഷം സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിലയിലേക്കെത്തുന്നത് ഇതാദ്യമായിട്ടായിരിക്കും. ജൂണ്‍ വരെയുള്ള മൂന്ന് മാസത്തെ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിലേക്കെത്തിയിരുന്നു.

അവസാനപാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 4.2 ആണെന്ന് പ്രവചിക്കുന്നതായി നൊമുറ മുഖ്യ സാമ്പത്തിക വിദഗ്ദ്ധന്‍ സൊനല്‍ വര്‍മ അറിയിച്ചു. ആഗോള ഡിമാന്‍ഡില്‍ ആഭ്യന്തര വായ്പാ വ്യവസ്ഥകള്‍ ഇപ്പോഴും കര്‍ശനമായി തുടരുകയാണെന്നതടക്കമുള്ള കാര്യങ്ങളാണ് വളര്‍ച്ച താഴോട്ട് പോകാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ വര്‍ഷം അഞ്ചു തവണ പലിശ നിരക്ക് കുറച്ചിരുന്നു. കൂടാതെ കമ്പനികള്‍ക്ക് 2000 കോടി ഡോളറിന്റെ നികുതി ആനുകൂല്യം ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായി.
ഡിസംബറില്‍ ആര്‍ബിഐ നിരക്കില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു. അത്തരം നിരക്ക് വെട്ടിക്കുറക്കലുകള്‍ വേഗത്തിലുള്ള പുനരുജ്ജീവനത്തിന് സഹായിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നൊമുറ കണക്കാക്കുന്ന വളര്‍ച്ച നിരക്കിനോട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പൊരുത്തപ്പെടുന്നു. 4.2 ശതമാനം വളര്‍ച്ചയാണ് അവരും പറയുന്നത്. അതേ സമയം അവസാന പാദത്തില്‍ 4.7 ശതമാനമാണ് കാപിറ്റല്‍ എക്കണോമിസ്റ്റ് പ്രവചിക്കുന്നത്.
Content Highlights: India Is Heading for Economic Growth Below 5%- Predict Analysts