പ്രതീകാത്മകചിത്രം| Photo: REUTERS
ന്യൂഡല്‍ഹി: പറക്കലിനിടെ വിമാനങ്ങളുടെ എഞ്ചിനുകളില്‍ ഒന്ന് ഓഫ് ചെയ്യേണ്ടി വന്ന സാഹചര്യങ്ങളുണ്ടായതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് സംഭവങ്ങളാണ് ഇത്തരത്തിലുണ്ടായത്.
അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക് കമ്പനിയും (GECo.) ഫ്രാന്‍സിലെ സഫ്റാന്‍ എസ്.എ എന്ന കമ്പനിയും സംയുക്തമായി നിര്‍മിച്ച എഞ്ചിനുകളാണ് മൂന്ന് വിമാനങ്ങളിലുമുണ്ടായിരുന്നത്. വിമാനം പറക്കുന്നതിനിടെ ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് പൈലറ്റുമാര്‍ രണ്ട് എഞ്ചിനുകളില്‍ ഒന്ന് ഓഫ് ചെയ്തത്.
അമേരിക്കന്‍ - ഫ്രഞ്ച് കമ്പനികള്‍ സംയുക്തമായി നിര്‍മിച്ച എഞ്ചിനുകളാണ് മൂന്ന് വിമാനങ്ങളിലും ഉപയോഗിച്ചിരുന്നത്. എഞ്ചിനുകളില്‍ ഒന്ന് ഓഫ് ചെയ്ത മൂന്ന് സംഭവങ്ങളിലും വിമാനങ്ങള്‍ സുരക്ഷിതമായി താഴെയിറക്കിയിട്ടുമുണ്ട്. എയര്‍ ഇന്ത്യയുടെ രണ്ട് SE A320 neo വിമാനങ്ങളും സ്പൈസ് ജെറ്റിന്റെ ഒരു ബോയിങ് 737 വിമാനവുമാണ് സംഭവങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിമാനം പറക്കുന്നതിനിടെ എഞ്ചിന് ഓഫ് ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
അന്വേഷണം നടക്കുന്നുവെങ്കിലും സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. മുംബൈയില്‍ നിന്നും ബെംഗളൂരുവിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ എ320 നിയോ ജെറ്റ് ഇക്കഴിഞ്ഞയാഴ്ചയാണ് പറന്നുയര്‍ന്ന ശേഷം അടിയന്തരമായി തിരിച്ചിറക്കിയത്.
വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എയര്‍ ഇന്ത്യയുടെ പ്രതിനിധി പ്രതികരിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും ഇത്തരം സാഹചര്യങ്ങളില്‍ സുരക്ഷയെ മുന്‍നിര്‍ത്തി എന്താണ് ചെയ്യേണ്ടതെന്ന് ക്രൂ അംഗങ്ങള്‍ക്ക് അറിയാമെന്നും അവര്‍ക്ക് അക്കാര്യത്തില്‍ നല്ല പരിശീലനം നല്‍കിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ പ്രതിനിധി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..