ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയായ അത്താരിയിലെ സംയോജിത ചെക്ക് പോസ്റ്റില്‍ റേഡിയേഷന്‍ ഡിറ്റക്ഷന്‍ ഉപകരണം (RDE) സ്ഥാപിച്ച് ഇന്ത്യ. ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, റേഡിയോ ആക്ടീവ് വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അനധികൃത വസ്തുക്കള്‍ എന്നിവയുടെ കള്ളക്കടത്ത് കണ്ടെത്താന്‍ കഴിയുന്നതരത്തിലുള്ളതാണ് ഈ ഉപകരണമെന്ന് ലാന്‍ഡ് പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വെളിപ്പെടുത്തി. 'ഫുള്‍ ബോഡി ട്രക്ക് സ്‌കാനര്‍' എന്നാണ് ഈ ഉപകരണത്തിന്റെ പേര്. 

'അടിസ്ഥാനപരമായി ഒരു ട്രെക്കിന്റെ എക്സ് റേ എടുക്കുകയാണ് ഈ ഉപകരണം ചെയ്യുന്നത്. ആയുധങ്ങള്‍, വെടിമരുന്ന്, അല്ലെങ്കില്‍ മറ്റ് നിയമവിരുദ്ധ വസ്തുക്കള്‍ എന്നിവ കടത്തുന്നത് കണ്ടെത്താന്‍ ഇത് സഹായിക്കും', ലാന്‍ഡ് പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ആദിത്യ മിശ്ര പറഞ്ഞു. അന്താരാഷ്ട്ര അതിര്‍ത്തിയിലുടനീളം റേഡിയോ ആക്ടീവ് വസ്തുക്കളുടെ അനധികൃത കടത്ത് കണ്ടെത്തുന്നതിനും തടയുന്നതിനും അതിര്‍ത്തിയിലെ സുരക്ഷാ സേനയെ ഈ യന്ത്രങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ പാകിസ്താനുമായുള്ള വ്യാപാരം നിര്‍ത്തിവച്ചതിന് ശേഷം, അഫ്ഗാനിസ്താനില്‍നിന്നുള്ള ട്രെക്കുകള്‍ പാകിസ്താന്‍ വഴി അത്താരി അതിര്‍ത്തിയിലൂടെയാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നത്. അഫ്ഗാനിസ്താനില്‍ നിന്നുള്ള ഏകദേശം 30 ട്രെക്ക് ഡ്രൈഫ്രൂട്ട്‌സും മറ്റ് പഴവര്‍ഗ്ഗങ്ങളും അത്താരി അതിര്‍ത്തി കടന്ന് ദിവസവും ഇന്ത്യയില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.

നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, ഭൂട്ടാന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ (പാകിസ്താന്‍ വഴി) എന്നീ രാജ്യങ്ങളുമായാണ് കരമാര്‍ഗത്തിലൂടെ ഇന്ത്യയ്ക്ക് വ്യാപാരമുള്ളത്. ചൈനയുമായി കരമാര്‍ഗ്ഗത്തിലൂടെ ഇന്ത്യയ്ക്ക് വ്യാപാരമില്ല.

ഏഴ് റേഡിയേഷന്‍ ഡിറ്റക്ഷന്‍ ഉപകരണങ്ങള്‍ കൂടി ഇന്ത്യ ഉടന്‍ വിവിധ അതിർത്തികളില്‍ സ്ഥാപിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അത്താരി (പാകിസ്താന്‍ അതിര്‍ത്തി) കൂടാതെ പെട്രാപോള്‍, ദാവ്കി, അഗര്‍ത്തല, സുതാര്‍കനി (ബംഗ്ലാദേശ് അതിര്‍ത്തികള്‍), മോറെ (മ്യാന്‍മര്‍ അതിര്‍ത്തി), റക്സൗള്‍, ജോഗ്ബാനി (നേപ്പാള്‍ അതിര്‍ത്തികള്‍) എന്നിവിടങ്ങളിലെ സംയോജിത ചെക്ക് പോസ്റ്റുകളില്‍ക്കൂടി ലാന്‍ഡ് ആന്റ് പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇവ സ്ഥാപിക്കും.

ശേഷിക്കുന്ന അതിര്‍ത്തികളിലെ എല്ലാ സംയോജിത ചെക്ക് പോസ്റ്റുകളിലും റേഡിയേഷന്‍ ഡിറ്റക്ഷന്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് ഏതാനും ദിവസം മുമ്പ് കേന്ദ്രസര്‍ക്കാര്‍ ടെന്‍ഡര്‍ നല്‍കിയിരുന്നു.

Content Highlights: India installs full body truck scanner at Pakistan border to detect smuggling of illegal materials