ന്യൂഡല്‍ഹി: ബാലാക്കോട്ട് ആക്രമണത്തിന് ഉപയോഗിച്ച തരത്തിലുള്ള ആധുനിക ബോംബുകള്‍ വാങ്ങുന്നതിന് ഇന്ത്യ 300 കോടിയുടെ കരാറില്‍ ഏര്‍പ്പെടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വ്യോമസേനയ്ക്കുവേണ്ടി 100 ബോംബുകള്‍ വാങ്ങുന്നതിനാണ് ഇസ്രയേലുമായി ഇന്ത്യ കരാറിലേര്‍പ്പെടുന്നതെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സ്‌പൈസ് 2000 ബോംബുകള്‍ വാങ്ങുന്നതിന് ഇസ്രയേലിലെ റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം എന്ന സ്ഥാപനവുമായാണ് കരാറില്‍ ഏര്‍പ്പെടുന്നത്. അടിയന്തിര പ്രാധാന്യത്തോടെയാണ് ബോംബുകള്‍ വാങ്ങുന്നത്. മിക്കവാറും ഈ വര്‍ഷാവസാനത്തോടെ ആയുധങ്ങള്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആദ്യമായി ഏര്‍പ്പെടുന്ന പ്രതിരോധ കരാര്‍ ആയിരിക്കും ഇതെന്നും പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കി. 

നാല്‍പത് സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തി കടന്ന് ബാലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന് ഇന്ത്യ ഉപയോഗിച്ചത് സ്‌പൈസ് 2000 ബോംബുകളാണ്. ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് ബാലാക്കോട്ടിലെ ഭീകര ക്യാമ്പുകളില്‍ ബോംബുകള്‍ വര്‍ഷിച്ചത്. ഭീകര ക്യാമ്പിന്റെ മേല്‍ക്കൂരയില്‍ ദ്വാരം സൃഷ്ടിച്ച് ഉള്ളില്‍ കടന്ന് കൃത്യമായി സ്‌ഫോടനം നടത്താന്‍ സാധിക്കുന്നവയാണ് ഈ സ്‌പൈസ് ബോംബുകള്‍.

900 കിലോയോളം ഭാരംവരുന്ന ഈ ബോംബുകളുടെ സ്റ്റീല്‍ കൊണ്ടു നിര്‍മിച്ച പുറംചട്ടയ്ക്കുള്ളില്‍ 80 കിലോയോളം സ്‌ഫോടക വസ്തുവാണുള്ളത്. സ്‌ഫോടനം നടത്തേണ്ട സ്ഥാനം മുന്‍കൂട്ടി ബോംബിലേയ്ക്ക് ലോഡ് ചെയ്യാന്‍ സാധിക്കും. ഇത്തരത്തില്‍ ലക്ഷ്യസ്ഥാനങ്ങളുടെ നൂറോളം ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കാന്‍ കഴിയും. 60 കിലോമീറ്റര്‍ ദൂരനിന്നു വര്‍ഷിച്ചാലും കൃത്യതയോടെ ലക്ഷ്യംഭേദിക്കാനുള്ള കഴിവും മാരക പ്രഹരശേഷിയുമാണ് ഇത്തരം ബോംബുകളുടെ പ്രത്യേകത.  

Content Highlights: India, Rs 300-crore deal, Balakot, bombs, SPICE 2000, IAF