ന്യൂഡല്‍ഹി:  ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ റഷ്യയില്‍നിന്ന് അത്യാധുനിക യുദ്ധ ടാങ്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. നിയന്ത്രണ രേഖയില്‍ ഉയരം കൂടിയ പ്രദേശങ്ങളില്‍ നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ടാങ്കുകള്‍ വിന്യസിക്കുന്നതിന് പരിമിതികളുണ്ട്. ഇവയുടെ ഭാരക്കൂടുതലാണ് പ്രശ്‌നം. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഭാരം കുറഞ്ഞ സ്പ്രുട്ട് എസ്.ഡി.എം1 എന്ന യുദ്ധ ടാങ്ക് വാങ്ങാനാണ് ഇന്ത്യ പദ്ധതിയിടുന്നത്.

ഇക്കാര്യത്തില്‍ റഷ്യയുമായി ചര്‍ച്ച ആരംഭിച്ചുവെന്നാണ് വിവരങ്ങള്‍. നിലവില്‍ റഷ്യയില്‍ പരീക്ഷണ ഘട്ടത്തിലാണ് സ്പ്രൂട്ട് ടാങ്കുകള്‍. കരാര്‍ യാഥാര്‍ഥ്യമാകുന്നതിന് മുമ്പുതന്നെ ഇന്ത്യയില്‍  ചില പരീക്ഷണങ്ങള്‍ നടത്തിയേക്കും.  റഷ്യ- ഇന്ത്യ സര്‍ക്കാര്‍ തലത്തിലുള്ള കരാറാകും ഇക്കാര്യത്തില്‍ ഉണ്ടാവുക.

ഏകദേശം 24 ടാങ്കുകളാകും ഇന്ത്യ ആദ്യഘട്ടത്തില്‍ വാങ്ങുക. 500 കോടി രൂപയുടേതാകും ഇടപാടെന്നാണ് വിവരം. അടിയന്തര ഘട്ടത്തില്‍ ആയുധ സംഭരണത്തിന് ചെലവിടാന്‍ സൈന്യത്തിന് നല്‍കിയിട്ടുള്ള അധികാര പരിധിയില്‍ വരുന്നതിനാല്‍ ഇതിന് അധികം നടപടിക്രമങ്ങള്‍ ആവശ്യമായി വരില്ല. 

പര്‍വതമേഖലകളില്‍ ഭാരം കൂടിയ ടാങ്കുകള്‍ വിന്യസിച്ച് പോരാട്ടം നടത്താന്‍ പ്രശ്‌നങ്ങളുണ്ട്. ഇതിന് പരിഹാരമെന്ന നിലയിലാണ് ഭാരം കുറഞ്ഞ ടാങ്കുകള്‍ വാങ്ങുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപം ഇപ്പോള്‍ തന്നെ ഇത്തരത്തിലുള്ള 15 ടാങ്കുകള്‍ ചൈന വിന്യസിച്ചിട്ടുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് ഇന്ത്യയുടെ നീക്കം.

Content Highlights: India in advanced talks with Russia to acquire Sprut light tanks for use in high altitude areas