ന്യൂഡല്‍ഹി: വിവാദ നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോപ് ഗായികയും ആക്ടിവിസ്റ്റുമായ റിഹാന രംഗത്തെത്തിയതോടെയാണ് സമരത്തിന് ആഗോള ശ്രദ്ധ കൈവന്നത്. റിഹാനയുടെ ട്വീറ്റ് ഇന്ത്യക്കെതിരെയുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. 

ബാര്‍ബഡോസില്‍ ജനിച്ച് അമേരിക്കൻ പൗരത്വം നേടിയ ആളാണ് റിഹാന. ഇന്ത്യയെ അപമാനിക്കുന്നതാണ് റിഹാനയുടെ ട്വീറ്റെന്ന് സർക്കാർ പറയുമ്പോഴും ബാർബഡോസിന് സഹായമെത്തിക്കുന്നതിൽ നിന്ന് ഇതൊന്നും ഇന്ത്യയെ തടയുന്നില്ല. കോവിഡ് വാക്സിൻ നൽകിയാണ് ഇന്ത്യ ബാര്‍ബഡോസിനെ സഹായിച്ചത്. ഒരു ലക്ഷം കോവിഡ് വാക്സിന്‍ ഡോസ് കോവിഷീൽഡ് വാക്സിനാണ് ഇന്ത്യ ബാര്‍ബഡോസിന് നല്‍കിയത്. 

കൊറോണ വൈറസ് വാക്സിന്‍ നല്‍കിയതിന് ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ അമോര്‍ മോട്ട്‌ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു. കോവിഷീല്‍ഡ് വാക്‌സിന്‍ സംഭാവന ചെയ്തതില്‍, എന്റെ സര്‍ക്കാരിനും ജനങ്ങള്‍ക്കും വേണ്ടി നിങ്ങള്‍ക്കും നിങ്ങളുടെ സര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തില്‍ അവര്‍ പറഞ്ഞു.

നേരത്തെ കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് സിഎന്‍എന്റെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് റിഹാന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. കര്‍ഷക റാലിയില്‍ പോലീസുമായി സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എന്ന വാര്‍ത്ത ഉള്‍പ്പെടുത്തിയാണ് റിഹാന ട്വീറ്റ് ചെയ്തിരിക്കുന്നത്. 'എന്തുകൊണ്ട് നമ്മള്‍ ഇതേക്കുറിച്ച് സംസാരിക്കുന്നില്ല?' - ഫാര്‍മേഴ്സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ റിഹാന ചോദിച്ചു. 

റിഹാനയെ പിന്തുണച്ച് നിരവധി പേര്‍ എത്തിയപ്പോള്‍, ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ പുറത്തു നിന്നുള്ളവര്‍ ഇടപെടേണ്ട കാര്യമില്ലെന്ന് വിമര്‍ശിച്ച് സച്ചിന്‍ തെണ്ടുൽക്കറും അക്ഷയ് കുമാറും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ രംഗത്തെത്തി. റിഹാന ഉള്‍പ്പെടെ കര്‍ഷക സമരത്തെ പിന്തുണച്ച അന്താരാഷ്ട്ര സെലിബ്രിറ്റികള്‍ ഉത്തരവാദിത്തമില്ലാത്ത പ്രതികരണമാണ് നടത്തിയതെന്ന് കേന്ദ്രസര്‍ക്കാരും വിമര്‍ശിച്ചു.

Content Highlights: India ignores Rihanna barb, donates vaccine to Barbados